Saturday, September 29, 2018

ഗ്രാന്‍ഡ്‌ കാനിയന്‍ - അരിസോണാ

അമേരിക്കന്‍ ഐക്യനാടുകളിലെ അരിസോണാ സംസ്ഥാനത്തിലെ അത്യപൂര്‍വമായ പ്രകൃതി ദൃശ്യമാണ് ഗ്രാന്‍ഡ്‌ കാനിയന്‍. വളരെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള ഇതു ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.  അമേരിക്കയിലെ ഒരു ദേശീയ പാര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ സ്ഥലം അവിസ്മരണീയം തന്നെ. കൊളോറാഡോ നദി ഭൂമിയില്‍ നിന്ന് കവര്ന്നെടുത്ത  ഒരു ഭീമ ഗര്‍ത്തം ആണിത്. സുമാര്‍ 448 കി മീ നീളവും ചില സ്ഥലങ്ങളില്‍ 1.6 കി മീ ലധികവും താഴ്ച്ചയുമുള്ള ഈ ഗര്തത്തിനു ചിലയിടങ്ങളില്‍  (29 കി മീ വരെ വീതിയുണ്ട്. ഏതാണ്ട് രണ്ടു ബില്ലിയന്‍ (200,000,000,0000) വര്‍ഷങ്ങളിലായി ഭൂമിയുടെ പുറം തോടില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയിലാണ് പല പാളികളിലായി പാറകള്‍ നിറഞ്ഞ ഭൂമി ഇവിടെ കാണുന്നത്. ഈ ഗര്‍ത്തം എങ്ങനെ ഉണ്ടായി എന്നതിനെപറ്റി ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെയിടയില്‍ ഏകാഭിപ്രായം ഇല്ലെങ്കിലും അടുത്തകാലത്ത് കിട്ടിയ വിവരങ്ങളനുസരിച്ച് കൊളോറാഡോ നദി കഴിഞ്ഞ 17 മില്ല്യന്‍(17,000,000) വര്‍ഷങ്ങളായി ഗ്രാന്‍ഡ്‌ കാനിയനില്‍ കൂടി ഒഴുകി നദി കാലാകാലം മണ്ണ്‍ ഒഴുക്കിക്കൊണ്ടു പോയി ഉണ്ടായതാവാം ഈ ഗര്‍ത്തം എന്നാണു കണക്കാക്കുന്നത്.
Grand Canyon from Desert View Point



 ഗ്രാന്‍ഡ്‌ കാനിയന്‍ ദേശീയ പാര്‍ക്ക് അതോറിറ്റി  ആണ് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഹവസുപായ് (Havasupai) എന്ന ഗിരിവര്‍ഗക്കാര്‍ താമസിച്ചിരുന്ന സ്ഥലമാണിത്. അവരുടെ ഗിരിവര്‍ഗ രാജ്യമായറിയപ്പെട്ടിരുന്ന ഹുവലപായ്(Hualapai) ഈ മേഖലയാണ്. അമേരിക്കന്‍ പ്രസിഡണ്ട് തിയോഡോര്‍ റൂസ്വെല്‍റ്റ് ആണ് ഗ്രാന്‍ഡ്‌ കാനിയന്‍ ഈ നിലയില്‍ നിലനിര്‍ത്തുന്നതിനു  പ്രത്യേക താല്പര്യം കാണിച്ചത്, പ്രത്യേകിച്ചും ഖനനം ചെയ്തു പരമാവധി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഒരു സംഘം ആള്‍ക്കാര്‍ വളരെ ശ്രമിച്ചു എങ്കിലും.  നല്ല ഒരു ശിക്കാരിയും പ്രകൃതി സ്നേഹിയും ആയിരുന്ന അദ്ദേഹം ഇവിടം പല പ്രാവശ്യം സന്ദര്‍ശിച്ചു വ്യക്തിപരമായി നിര്‍ദേശങ്ങള്‍ കൊടുത്തിരുന്നു . ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇവിടെ  വിവിധ സംഘങ്ങളിലുള്ള അമേരിക്കന്‍ ഗിരിവര്‍ഗക്കാര്‍ ഗുഹകളിലും മറ്റും താമസിച്ചിരുന്നു. അവരുടെ ഒരു പവിത്ര സ്ഥലമായി ഈ സ്ഥലം അവര്‍ കണക്കാക്കിയിരുന്നു.
                                                From Grand Point View

ഗ്രാന്‍ഡ്‌ കാനിയന്‍ കൊളറാഡോ  സമതലത്തിലെ ഒരു വലിയ ഗര്‍ത്തമാണ്.  ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ വന്ന വ്യതിയാനങ്ങള്‍ കാനിയന്റെ വശങ്ങളില്‍ വ്യക്തമായി കാണാം, ഭൂഗ്രര്‍ഭ ശാസ്ത്രജ്ഞന്മാര്‍ 19 ഇനത്തിലുള്ള ശിലാവഷിഷ്ടങ്ങള്‍ അവിടെ കണ്ടു വ്യക്തമായി രേഖപ്പെടുത്തിയിട്ടുനടു. ലോകത്തിലെ ഏറ്റവും വലിയ ഗര്ത്തം ഇതല്ല, നേപാളിലെ കാലി ഗന്ടകി(Kali Gandaki Gorg) ഇതിനെക്കാള്‍ വളരെ കൂടുതല്‍ താഴ്ച്ചയുള്ളതാണ്, അതുപോലെ ആസ്ടേലിയായിലെ കാപെര്ടീ താഴ്വാരം(Capertee Valley) ഇതിനേക്കാള്‍ വീതിയുള്ളതും ആണ്, പക്ഷെ ഗ്രാന്‍ഡ്‌ കാനിയന്റെ പ്രത്യേകത അതിന്റെ കാഴ്ചയിലുള്ള വലിപ്പവും ഗാംഭീര്യവും വിവിധ വര്‍ണങ്ങളില്‍ ഉള്ള ശിലകളുടെ വൈവിധ്യവുമാണ്.  ഗ്രാന്‍ഡ്‌ കാനിയന്റെ ഭിത്തികളില്‍ വിവിധ പാളികളില്‍ ആയി കാണുന്ന ശിലകള്‍ നാശം വരാതെ സംരക്ഷിക്കപ്പെടുന്നു, അമേരിക്കന്‍ കരയുടെ ചരിത്രാതീത കാലം മുതലുള്ള ഭൂഗര്‍ഭ ചരിത്രത്തിന്റെ സ്മാരകമായി. കാനിയന്റെ രണ്ടു ഭാഗത്തായുള്ള കുന്നുകളും  ഉത്തര ദക്ഷിണ റിമ്മുകള്‍ തമ്മിലുള്ള ഉയര വ്യത്യാസവും ഈ രണ്ടു ഭാഗങ്ങളും തമ്മില്‍ ഉള്ള കാലാവസ്ഥാ വ്യത്യാസവും നദിയില്‍ വലിയ ഒഴുക്കിനും തല്‍ഫലമായി രണ്ടു ഭാഗത്തും ആഴം കുറയാതെ ഇരിക്കാനും സാധ്യമാകുന്നു. വേനല്‍ കാലത്ത് രണ്ടു ഭാഗത്തും നല്ല മഴ കിട്ടുന്നുണ്ട്. മഞ്ഞു കാലത്ത് ഉത്തര റിമ്മില്‍ നിന്നുള്ള കാനിയനിലെക്കുള്ള യാത്ര ദുഷ്കരമാണ്.
                                                             From Mine Point

ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാരുടെ അപഗ്രഥനം അനുസരിച്ച് ഗ്രാന്‍ഡ്‌ കാനിയനിലെ ശിലകളില്‍ ഏകദേശം രണ്ടു ബില്ല്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതും ഏറ്റവും താഴെ കാണുന്നതുമായ വിഷ്ണു ശിലയും, 230 മില്ല്യന്‍ പഴക്കം ഉള്ള ചുണ്ണാമ്പു കല്ലും (Kaibab Limestone ) ഉള്‍പെടുന്നു. അതായത് ഇവിടെ കാണുന്ന ശിലാപാളികള്‍ തമ്മില്‍ ഏതാണ്ട് ഒരു ബില്ല്യന്‍ വര്‍ഷത്തിന്റെ വ്യത്യാസം ഉണ്ടത്രേ. ഹിമയുഗത്തിലെ കാലാവസ്ഥ കാരണം കൊളോറാഡോ നദിയില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കാനും ഗര്‍ത്തത്തിന്റെ ആഴം കൂടാനും കാരണമായി. 100,000 മുതല്‍   3 മില്ല്യന്‍ വര്‍ഷത്തനുള്ളില്‍ അഗ്നി പര്‍വതത്തിന്റെ പ്രവര്‍ത്തനം കൊണ്ടു ഈ ഗര്‍ത്തത്തില്‍ ചാരവും ലാവയും നിക്ഷേപിക്കപ്പെട്ടു. ചില സമയത്ത് നദിയിലെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെട്ടിട്ടും ഉണ്ട്. ഇങ്ങനെ ഉണ്ടായ അഗ്നിശിലകളാണ് ഇവിടെയുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞവ. ഇത്രയൊക്കെ മനസ്സിലായിട്ടുണ്ട് എങ്കിലും ഇപ്പോഴും പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, കൂടുതല്‍ വിവരങ്ങള്‍ അറിയാനും  കണ്ടെത്താനും. .
അല്പം ചരിത്രം
ഏറ്റവും പുരാതന കാലത്ത് അമേരിക്കയിലെ ആദിവാസികളുടെ താമസസ്ഥലമായിരുന്നു ഇവിടെ താമസിച്ചിരുന്നവര്‍ പല പേരിലും അറിയപ്പെട്ടിരുന്നു.
ആദ്യകാലതാമസക്കാര്‍: പ്യുബ്ലോ , കൊഹിനൊ എന്ന വര്‍ഗക്കാര്‍
മറ്റു വര്‍ഗക്കാര്‍ : യുമന്‍, ഹവസുപായ്,വലപാജ്  ( ഇവരുടെ പൂര്‍വികര്‍  കൊഹോനിന എന്നറിയപ്പെട്ട്ടിരുന്നു.)
ദക്ഷിണ ഭാഗങ്ങളില്‍ പയ്യൂട്സ്(Paiutes), സാന്‍ ഫ്രാന്‍സിസ്കോ പര്‍വതങ്ങള്‍ക്ക് കിഴക്കോട്ടു നവജോ (Navajo) എന്നിങ്ങനെ പല വര്‍ഗക്കാരും താമസിച്ചിരുന്നു.
പര്യവേക്ഷണങ്ങള്‍
1540 : യുരോപ്യന്‍ സഞ്ചാരികള്‍ ആദ്യം എത്തി; കാപ്റ്റന്‍ ഗാര്‍സ്യ ലോപെസ് ചാര്ടെനാസ്  ഹോപി വര്‍ഗത്തിലെ ആള്‍ക്കാരുടെ സഹായത്തോടെ ഒരു ചെറിയ സംഘം സ്പാനിഷ് പട്ടാളക്കരോടൊപ്പം സിബോലായിലെ ഏഴു നഗരങ്ങള്‍ (Seven Cities of Cibola) കണ്ടെത്താന്‍ തെക്ക് ഭാഗത്തെ റിമ്മില്‍ നിന്നും ശ്രമിച്ചു. ഇപ്പോഴത്തെ,   ഡിസര്‍റ്റ്  വ്യൂവിനും മൊറാന്‍ പൊയന്റിനും ഇടയ്ക്ക്  മൂന്നു പട്ടാളക്കാര്‍ കാനിയന്റെ മൂന്നിലൊന്നു ഭാഗം താഴോട്ടിറങ്ങുകയും ചെയ്തു. കുടിക്കാന്‍ വെള്ളം കിട്ടാതെ  അവര്‍ തിരിച്ചു പോന്നുവത്രേ. അന്ന് ഇവര്‍ക്ക് വഴികാട്ടാന്‍ പോയ ഹോപി നാട്ടുകാര്‍ അവര്‍ക്ക് നദിയെത്തും വരെ പോകാന്‍ അനുവദിക്കാത്തതാണോ എന്നും സംശയിക്കാം.
1776 :ഫ്രാന്‍സിസ്കോ ഡോമിന്ഗോസ് , സില്‍ വെസ്റ്റെര്‍ എസ്കലന്റെ എന്നീ പുരോഹിതന്മാര്‍ കുറച്ചു സ്പാനിഷ് പട്ടാളക്കാരുമായി ദക്ഷിണ ഉട്ടാ (Southern Utah) യില്‍ നിന്നും കാനിയനിന്റെ ഉത്തര റിം വഴി  സാന്റ ഫെ യില്‍ നിന്ന് കാലിഫോര്നിയായിലേക്ക് ഒരു വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു.  അവര്‍ കാന്യന്‍ താണ്ടാന്‍ ഒരു സ്ഥലം കണ്ടെത്തി “ അച്ചന്മാരുടെ കുറുക്കു വഴി ( Crossing of fathers) ഇപ്പോള്‍ പവല്‍ തടാകത്തിന്റെ (Lake Powell) അടിയിലാണ്. 
1776:തന്നെ ഫ്രെ ഫ്രാന്‍സിസ്കോ ഗര്സേ എന്ന മിഷണറിപ്രവര്‍ത്തകന്‍ ഹവസുപായില്‍ ഒരു സംഘം നാട്ടുകാരെ ക്രുസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ഉണ്ടായി.
1826 ല്‍: ജെയിംസ് ഓഹിയോ പാറ്റിയും ഒരു  കൂട്ടം അമേരിക്കന്‍ ഗിരിവര്‍ഗക്കാരും കാനിയനില്‍ എത്തി.  
1850ല്‍ ജേക്കബ് ഹാമ്ബ്ലിന്‍ കൊളറാഡോ നദിയില്‍ കടത്തു കടത്താന്‍ പറ്റിയ രണ്ടു സ്ഥലം കണ്ടെത്തി.  പില്‍കാലത്ത് ലീസ് ഫെറി, പിയെര്സ് ഫെറി (പിന്നീട്  ഹാരിസന്‍ ഫെറി)  എന്നീ പേരില്‍ അറിയപ്പെട്ടത് ഇവയാണ്, ഇയാള്‍ തന്നെ ജോണ്‍ വെസ്ലി പാവല്‍ എന്നയാളിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ  ഗ്രാന്‍ഡ്‌ കാനിയന്‍ പര്യവേക്ഷണത്തിനു സഹായിക്കാനും കഴിഞ്ഞു, ഇതിനു ശേഷം പല പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്,
1857:എഡ്വാറഡ് ഫിട്ജെരാള്‍ഡ  നയിച്ച പര്യവേക്ഷണത്തില്‍ വെള്ളം തേടി സെപ്റ് 19 നു   ഒരിക്കലും ആരും കാണാത്തത്ര ഗംഭീരമായ 4000 അടി താഴ്ചയുള്ള  ഒരു കാനിയന്‍ കണ്ടതായി അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മേയ് ഹമ്പ്ഫ്രി സ്റ്റെസി രേഖപ്പെടുത്തിയിട്ടുന്ടു.
ഈ വര്ഷം തന്നെ അമേരിക്കന്‍ യുദ്ധ വിഭാഗത്തിലെ ലെഫ്ട്ടനന്റ്റ് ജോസഫ്‌ നയിച്ച ഒരു പര്യവേക്ഷണത്തില്‍ കാലിഫോര്‍ണിയാ കടലിടുക്കില്‍ നിന്ന് ഒരു ചെറിയ ആവി ബോട്ടില്‍ 560  കി മീ അവര്‍ പുഴയില്‍ അകത്തേക്ക് പോയി, ബ്ലാക്ക് കാനിയന്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് അവര്‍ എത്തി. അവിടെ നിന്ന് മുന്നോട്ടു  പോകുന്ന വഴി ബോട്ട് ഒരു പാറയില്‍ തട്ടി തകരാറില്‍ ആയതോട്‌ കൂടി ഈ പര്യവേക്ഷണവും ഉപേക്ഷിക്കപ്പെട്ടു.  
1853,ല്‍ സാന്ഫ്ര്രാന്സിസ്കോ ഹെരാള്‍ഡ എന്ന പത്രത്തില്‍ വന്ന ലേഖനങ്ങളില്‍ ജോണ് വാള്‍ക്കര്‍, ജെയിംസ് വാള്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന് 1851 ല്‍ ആര് കൂട്ടുകാരോട് കൂടി കൊളരാഡോ നദിയില്‍ കോടി യാത്ര ചെയ്തു വിര്‍ജിന്‍ നദിയില്‍ എത്തി അരിസോണയില്‍ പിന്നീടും കിഴക്കോട്ടു യാത്ര ചെയ്തു എന്ന് പറയുന്നു. ഹോപ്പി ഇന്ത്യന്‍സിനെ കാണാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടായതായി രേഖപെടുതിയിരിക്കുന്നു.
1858ല്‍  ജോണ്‍ സ്ട്ട്രോന്ഗ് ന്യുബറി(John Strong Newberry) എന്നയാളാണ് കാനിയനില്‍ എത്തിയ ആദ്യത്തെ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍
 1869, മേജര്‍ ലെസ്ലി പവല്‍ നാല് ബോട്ടുകളും ആള്‍ക്കാരുമായി കൊളരാഡോ നടദിയെപറ്റി പഠിക്കാന്‍ തുനിഞ്ഞു. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചു പത്ത് മാസം കൊണ്ടു അവര്‍ പര്യവേക്ഷണം ആഗ  13, 1869 നു പൂര്‍ത്തിയാക്കി, ഇന്നത്തെ ഗ്രാന്‍ഡ്‌ കാനിയന്‍ എന്ന പേര്‍ പവല്‍  കൊടുത്തതാണെന്ന് പറയുന്നു. അതുവരെ ബിഗ്‌ കാനിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
1889ല്‍ ഫ്രാങ്ക് ബ്രൌണ്‍ എന്നയാള്‍ കൊളറാഡോ നദീതീരത്തുകൂടി കല്‍ക്കരി കൊണ്ടു പോകാന്‍ ഒരു റെയില്‍ പാത ഉണ്ടാക്കാന്‍ പദ്ധതി ഇട്ടു. ഇയാളുടെ ചീഫ് എഞ്ചിനീയര്‍ റോബെര്‍ട്ട് സ്ട്ടാന്റ്ടന്‍ എന്നയാള്‍ ചെറിയ നാടന്‍ ബോട്ടുകളില്‍ കൊളറാഡോ നദിയുടെ വിവിധ ഭാഗങ്ങള്‍ വിശദമായി പഠിച്ചു. ,
1903  പ്രെസിഡണ്ട് തിയഡോര്‍ റൂസ് വെല്‍റ്റ് ഇവിടം സന്ദര്‍ശിച്ചു. ഒരു നല്ല പരിസ്ഥിതി സ്നേഹിയും വേട്ടക്കാരനുമായിരുന്ന അദ്ദേഹം ഇത്തരം അതുല്യവും അപൂര്‍വവുമായ ഗ്രാന്‍ഡ് കാനിയന്‍ നശിച്ചു പോകാതെ ഒരു ദേശീയ സ്മാരകമാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു;
1908, ഔപചാരികമായി ഇത് ഒരു ദേശീയ സ്മാരകമാക്കാനുള്ള നിയമ നിര്‍മാണം ആരംഭിച്ചു. കന്നുകാലികളുടെ സ്വതന്ത്രമായ മേയല്‍ നിയന്ത്രിച്ചു, പര്‍വതങ്ങളില്‍ ജീവിക്കുന്ന മനുഷ്ടര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിംഹം, ചെന്നായ്ക്കള്‍, കഴുകന്മാര്‍ ഇവയെ തുരത്തി.  ഖനികള്‍ ഉണ്ടാക്കാനും മറ്റും തയാറായിരുന്ന ചിലര്‍ ഈ നിയമ നിര്‍മാണത്തെ തടസ്സപ്പെടുത്തിയെങ്കിലും   1908 ജനുവരി  11നു ഇതൊരു ദേശീയ സ്മാരകം ആക്കി നിയമം നിര്‍മിച്ചു. അടുത്തുള്ള കുറെ പ്രദേശം കൂടി ചേര്‍ത്ത് 11 വര്‍ഷത്തിനു ശേഷം ഫെബ് 26, 1919. നു ഗ്രാന്‍ഡ്‌ കാനിയന്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ  17 ആമത്തെ  ദേശീയ പാര്‍ക്കായി നിയമം പാസാക്കി.
 
  

ഇപ്പോഴത്തെ മൈന്‍ പോയിന്റിനടുത്ത് നല്ല ഇനം ചെമ്പിന്റെ അയിര് കണ്ടെത്തിയിരുന്നു. 1890 മുതല്‍ 1964  വരെ ഇവിടെ ഒരു ഖനി ഉണ്ടായിരുന്നു. കഴുതകളുടെ പുറത്തു ചെമ്പയിര്‍ കയറ്റി മുകളിലെത്തിക്കുന്നത് ദുഷ്കരമായ ജോലി ആയിരുന്നു, വില്ല്യം ഓവന്‍ ഒനീല്‍ എന്നയാള്‍ ആണ് ഇത് തുടങ്ങിയത്.  ആദ്യകാലത്ത് ലാഭകരമായിരുന്നെങ്കിലും പിന്നീട് നഷ്ടമായി.  ചെമ്പിന്റെ വില കുത്തനെ ഇടിഞ്ഞതോടു കൂടി ഈ ഖനി സ്ഥിരമായി പ്രവര്‍ത്തനം നിര്‍ത്തി.  ഇവരാണ് കാനിയന്‍ ഭാഗത്ത്‌ ആദ്യമായി കെട്ടിടങ്ങള്‍ ഉണ്ടാക്കിയത്, ഖനിയിലെ ജോലിക്കാര്‍ക്കുണ്ടാക്കിയ കെട്ടിടങ്ങള്‍ പിന്നീട് ഒരു ഹോട്ടല്‍ ആയി പ്രവര്‍ത്തിച്ചു. ഖനിയുടെ പ്രവര്തനതിനുന്റാക്കിയ വഴി ഇന്ന് കഴുതകളുടെ പുറത്തിരുന്നു കാനിയനിന്റെ അടിഭാഗത്തേക്കുള്ള യാത്ര ചെയ്യുന്നവര്‍ക്ക് ഉതകുന്നു, നടന്നു പോകുന്നവര്‍ക്കും, കോണിപ്പടികള്‍ പോലെയുള്ള വഴിയും ഉണ്ട്. കാനിയനിലെ കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റം വരുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിച്ചുമാത്രമേ  ഇത്തരം സാഹസിക യാത്രകള്‍ പാടുള്ളൂ.
ഗ്രാന്‍ഡ്‌ കാനിയനിലെ കാഴ്ച സ്ഥലങ്ങള്‍
കാനിയനിലെ കാഴ്ചകള്‍ കാണാന്‍ വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കു സൗകര്യം ഉണ്ടാക്കിയിരിക്കുന്നു. എല്ലാ സ്ഥലത്തും പ്രാഥമിക സൌകര്യങ്ങളും ഓര്‍മിക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനും സൗകര്യം ഉണ്ട്,വില അല്പം കൂടുതല്‍ ആണെന്ന് മാത്രം, പതിവ് പോലെ എല്ലാ ടൂരിസ്ട്ടു കേന്ദ്രങ്ങളിലെയും പോലെ തന്നെ. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ബസ് സര്‍വീസും ഉണ്ട്.
ഞങ്ങള്‍ ദക്ഷിണ ഭാഗത്ത്‌ നിന്ന് ആണ് കാനിയനിലേക്ക് എത്തിയത്. കാനിയനില്‍ എത്തുന്നതിനു മുമ്പ്, ചെറിയ കൊളറാഡോ നദി കാണാം . പറ്റിയ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി, അവിടെ കാനിയനിലെ പഴയ ആള്‍ക്കാരുടെ ചില കരകൌശല വസ്തുക്കളും മറ്റും വില്പനയ്ക്കുണ്ട്, അവിടെ ട്രാഫിക് നിയന്ത്രിക്കുന്നവരും നാട്ടുകാരുടെ വസ്ത്ര ധാരണ രീതി പിന്തുടരുന്നു.  കാനിയന്റെ ഒരു പ്രിവ്യൂ അവിടെ വച്ച് തന്നെ കിട്ടി.
തെക്ക് നിന്ന് കാനിയനില്‍ എത്തുമ്പോള്‍ കാഴയ്ക്കുള്ള സ്ഥലങ്ങള്‍ ഇവയാണ്, ക്രമത്തില്‍
1.    ഡസര്‍ട്ട് വ്യൂ പോയിന്റ്‌ (Desert View )
തെക്ക് ഭാഗത്ത്‌ നിന്ന് വരുമ്പോള്‍ ആദ്യത്തെ സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് 2267 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ സാമാന്യം നല്ല ഉയരത്തില്‍ ഒരു കാഴ്ച ഗോപുരം ( viewing tower)  ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പ്രചോദനം ആയതു ഇവിടെ താമസിച്ച ഗിരിവര്‍ഗക്കാരുടെ താമസസ്തലതിന്റെ അവശിഷ്ടങ്ങള്‍ ആണ്. അല്പം കുത്തനെ ഉള്ള പടികളില്‍ കൂടി മുകളിലേക്ക് കയറിയാല്‍ രണ്ടു തട്ട്ടുകള്‍ ഉണ്ട്, ഇവിടെ നിന്ന് കാനിയന്‍ സുന്ദരമായി കാണാം, കോളറാഡോ നദി തെക്ക് നിന്ന് പടിഞ്ഞാറോട്ട് വഴിതിരിയുന്നത് താഴെ തെളിഞ്ഞ ദിവസം ആണെങ്കില്‍ കാണാം, ഭാഗ്യത്തിന് ഞങ്ങള്‍ ചെന്ന ദിവസം ഇടക്കിടക്ക് ഉണ്ടക്കാറുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു എങ്കിലും  തെളിച്ചമുള്ള ദിവസം ആയിരുന്നു. ഞങ്ങള്‍ വന്ന വഴിയും വെയിലില്‍ മേഘം മാറുന്നതനുസരിച്ച് വിവിധ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കാനിയന്റെ കാഴ്ചയും അവിസ്മരണീയം തന്നെ.താഴേക്കിറങ്ങാനുള്ള വഴിയുണ്ട്, അല്പം ശ്രദ്ധിക്കണമെന്ന് മാത്രം. ഗോപുരത്തിനുള്ളില്‍ തന്നെ കടകള്‍ ഉണ്ട്, ഓര്‍മിക്കാനുള്ള വസ്തുക്കള്‍ സുലഭം കാനിയനിലെ ശിലകള്‍ വരെ. കാനിയനെപറ്റിയുള്ള ഒരു ബുക്കും, ഡി വി ഡി യും വാങ്ങി കയ്യില്‍ വച്ച്.
2.    നവജോ പോയിന്റ്‌ (Navajpo Point)
കാനിയനിലെ പുരാതനകാലത്തെ താമസകാരുടെ പേര് ( നവജോ അര്‍ഥം പുരാതനം )  കൊടുത്ത  ഇവിടെ നിന്നും മറ്റൊരു രൂപത്തിലും ഭാവത്തിലും കാനിയന്‍ കാണാം.
3.    ലിപാന്‍ പോയിന്റ് ( 2243മീ)
ഇവിടെ നിന്നുള്ള കാഴ്ച കാനിയനിലെ ശിലകളുടെ വൈവിധ്യം ശരിക്കും മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ്.  നദിയും താഴെ ദൃശ്യമാണ്. ഇവിടെ നിന്ന് ഗര്‍ത്തത്തിന്റെ രണ്ടു ഭാഗത്തേക്കും ഉള്ള കാഴ്ച തെളിച്ചം ഉള്ള ദിവസം സാദ്ധ്യമാണ്.
4.    മോരാന്‍ പോയിന്റ് (Moran Point) :2182 മീ
കാനിയനിലെ ചുവന്ന കല്ലുകള്‍ ഇവ്കൂടുതലുള്ള ചുവന്ന പോയിന്റ് ഇവിടെ നിന്ന് വ്യക്തമായി കാണാം. ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവര്‍ക്ക് മുങ്ങുന്ന കപ്പല്‍ എന്ന ഒരു രൂപം ഇവിടെ നിന്ന് ദൃശ്യമാണത്രെ, പ്രത്യേകിച്ച് സൂര്യപ്രകാശം  ആ ഭാഗത്തെക്ക് വീഴുമ്പോള്‍.
5.     ഗ്രാന്‍ഡ്‌ വ്യൂ പോയിന്റ് (2256 മീ)
2250 മീറ്ററിലധികം ഉയരമുള്ള ഈ സ്ഥലമാണ് തെക്ക് ഭാഗത്തെ കാനിയനിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം കൂടുതല്‍ മഴ കിട്ടുന്ന സ്ഥലം ആയതുകൊണ്ട് ഇവിടെ കുറേകൂടി മരങ്ങള്‍ നിബിഡമായി വളരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ കുതിര ലാടത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു പാറക്കൂട്ടം കാണാംഈ. അവിടേക്ക് പോകാന്‍ ഇവിടെ നിന്ന് വഴിയും ഉണ്ട്, എന്നാല്‍ പെട്ടെന്ന് മഞ്ഞു മൂടിയാല്‍ വഴി വളരെ അപകടകരമാവുമെന്നു പറയപ്പെടുന്നു.
6.    യാകി പോയിന്റ്
കാനിയന്റെ കിഴക്ക് ഭാഗം തടസ്സം കൂടാതെ കാണാന്‍ ഇവിടെ നിന്ന് കഴിയും. കാനിയന്റെ ഏകദേശം മദ്ധ്യ ഭാഗവുമാണിത്. ഇവിടെ കുറച്ചു താഴോട്ടിറങ്ങിയാല്‍ കാനിയന്റെ ഏറ്റവും നല്ല ഒരു ദൃശ്യം കിട്ടുമെന്നു പറയപ്പെടുന്നു. കൈബാബ് ട്രെയിലിന്റെ അവസാനം ഉള്ള ‘ഊ ആഹ ‘പോയിന്റ് (Ooh Aah Point)  എന്ന പേര് അവിടെ എത്തുന്ന കാണികളുടെ അതിശയപ്രകടനത്തില്‍ നിന്ന് കിട്ടിയതാവാം.
7.    മാതര്‍ പോയിന്റ്
ഇവിടെ യാണ് പ്രധാന ഇന്‍ഫോര്‍മേഷന്‍ കേന്ദ്രം. നാഷണല്‍ ജിയോഗ്രാഫികിന്റെ  ഒരു നല്ല കേന്ദ്രം ഇവിടെ ഉണ്ട്, കാനിയനെ പറ്റിയുള്ള ചരിത്ര വസ്തുതകളും, ചിത്രങ്ങളും ഭിത്തിയില്‍ കാണാന്‍ ഉണ്ട്. അഞ്ചു മണി വരെ വരെയേ പ്രവര്‍ത്തിക്കൂ എന്നതു ശ്രദ്ധിക്കണം. ഇവിടെ നിന്നും കാനിയന്റെ മറ്റു ഭാഗത്തേക്കും തിരിച്ചും ഷട്ടില്‍ ബസ് സെര്‍വീസുകള്‍ ഉണ്ട്, അവരവരുടെ വാഹനങ്ങള്‍ക്ക് ഇവിടെ നിന്ന് മുന്നോട്ട്  പ്രവേശനം നിയന്ത്രിതമാണ്‌, ഇവിടെ കുറെയധികം ആള്‍ക്കാര്‍ താമസിക്കുന്നത് കൊണ്ടും മൃഗങ്ങളുടെ സ്വൈര വിഹാരത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ടും ആവണം ഈ നിയന്ത്രണം. രാവിലെയും വൈകുന്നേരവും ഏറ്റവും നല്ല കാഴ്ച കിട്ടുന്ന സ്ഥലമാണിത്. സോറാസ്ട്ടര്‍ (Zoroaster) ക്ഷേത്രം, വിഷ്ണു ക്ഷേത്രം, എന്നീ  പേരുകളില്‍ അറിയപ്പെടുന്ന പ്രത്യേക ശിലാ സമുച്ചയം ഇവിടെ നിന്ന് വ്യക്തമായി കാണാം. ഈ ഭൂവിഭാഗങ്ങളില്‍ ചിലത്, പ്രത്യേകിച്ചും  വിഷ്ണു ക്ഷേത്രം എന്നറിയപെടുന്നത്   ഓരോ സ്ഥലത്ത് നിന്നും നോക്കുമ്പോള്‍ ഓരോ രീതിയില്‍ ആണ് കാണപ്പെടുന്നത്.

8.  ഹോപ്പി പോയിന്റ്

ഞങ്ങള്‍ മാതര്‍ പോയിന്റിനെ ഇന്‍ഫോര്‍മേഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചുമണി കഴിഞ്ഞിരുന്നു. സൂര്യാസ്തമനം കാണാന്‍ ഏറ്റവും നല്ല സ്ഥലം ഹോപ്പി പോയിന്റ് എന്ന ഇടമാണെന്നറിഞ്ഞു ഷട്ടില്‍ ബസ് പിടിച്ചു അവിടേക്ക് നീങ്ങി.  ബസ് തികച്ചും സൌജന്യമാണ്, ചെറിയ രീതിയില്‍ വിവരണവും ഉണ്ട്, സാധാരണ ഈ പോയിന്റില്‍ വലിയ തിരക്കായിരിക്കും അതുകൊണ്ടു ഉടന്‍ തന്നെ പുറപ്പെട്ടു. അങ്ങോട്ട്‌ പോകുന്ന പാത രണ്ടു വശവും നിബിഡ വനമാണ് , മൃഗങ്ങള്‍, മാനും കുരങ്ങും മറ്റും റോഡു കടന്നു പോകുന്നത് കണ്ടു. ഇക്കാരണത്താല്‍ തന്നെയാണ് ഇവിടേക്ക് സ്വന്തം  വാഹനങ്ങള്‍ അനുവദിക്കാത്തത്. പാര്‍ക്കിംഗ് സൌകര്യവും യാകി പോയിന്റില്‍ മാത്രമേ ഉള്ളൂ.
അസ്തമയ സൂര്യന്റെ അരുണ പ്രഭയില്‍ കാനിയന്റെ ചില ഭാഗങ്ങളില്‍ മാഞ്ഞു മറയുന്ന വര്രണഭേദം കണ്ടു , ചിലത് ക്യാമെരായില്‍ പകര്‍ത്തി ഏഴു മണിയോടു കൂടി തിരിച്ചു യാകി പോയിന്റിലേക്ക് നീങ്ങി. തിരിച്ചു പോകാന്‍ ധാരാളം ആളുകള്‍, ബസുകള്‍ പത്തു മിനുട്ടിടവിട്ടു വരുന്നുണ്ട്, ആരും തിരക്ക് കൂട്ടുന്നില്ല, ലയിനില്‍ നിന്ന് അവരവരുടെ മുറ ആകുമ്പോള്‍ ബസില്‍ കയറി മുന്നോട്ടു നീങ്ങുന്നു, നമ്മുടെ നാട്ടില്‍ തിരക്കില്ലാത്തപ്പോള്‍ പോലും ചിലര്‍ക്ക് അല്‍പം  ഇടിച്ചു ബസില്‍ കയറിയാലേ മതിയാവൂ, എന്നതോര്തപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം ആയി.   
തിരിച്ചു യാകി പോയിന്റില്‍ എത്തി വണ്ടി തിരഞ്ഞു പിടിച്ചു ഫ്ലാഗ് സ്ടാഫിലേക്ക് പുറപ്പെട്ടു. ഹോട്ടലില്‍ എത്തുമ്പോള്‍ വൈകും എന്നുള്ളത് കൊണ്ടു വഴിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നോക്കി. ഇവിടെ ഇന്ത്യന്‍ ഭക്ഷണം അന്വേഷിക്കുന്നത് ഭോഷത്തരമാകുമെന്നു കരുതി വഴിയില്‍ കണ്ട ഒരു മെക്സിക്കന്‍ ഭക്ഷണ ശാലയില്‍ കയറി. പൊതുവേ കാഴ്ചയില്‍ നമ്മുടെ തന്നെ നിറമാണ് മെക്സിക്കന്‍ ജനങ്ങള്‍ക്കും, ഭൂമദ്ധ്യ രേഖയ്ക്കടുത്ത് താമസിക്കുന്നത് കൊണ്ടാവാം. എന്നാല്‍ ഭക്ഷണ രീതി തുലോം വ്യത്യസ്തം. കുട്ടികള്‍ എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു.  കൊണ്ടുവന്നു  വച്ചപ്പോള്‍ ഓരോരുത്തരുടെയും മുമ്പില്‍ നമ്മളെപ്പോലെ മൂന്നു പേര്‍ക്ക് കഴിക്കാന്‍ ഉള്ള സാധനം ഉണ്ട്, ഇതൊക്കെ എങ്ങനെ കഴിക്കും എന്ന് ആലോചിക്കുമ്പോള്‍ ബാക്കിയുള്ളത് പാക്ക് ചെയ്യാം എന്ന അഭിപ്രായവും വന്നു. ബാക്കി വരുന്നത് വീട്ടില്‍ ജോലിക്ക് നില്‍കുന്നവര്‍ പോലും കഴിക്കാത്ത ഈ കാലത്ത് ബാക്കി കള  യെന്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമം തോന്നി. ഭക്ഷണ സാധനം കളയുന്നതില്‍  എത്രുപ്പുള്ള ഞാന്‍   എനിക്കും ശ്രീമതിക്കും കൂടി കൊണ്ടു വന്ന ഭക്ഷണം ഒരു വിധം കഴിച്ചു ബാക്കി വച്ചില്ല. മറ്റെയാളിന്റെ പാക്ക് ചെയ്തു വാങ്ങി. ഹോട്ടലില്‍ ഫ്രിഡ്ജില്‍ വച്ച് പിറ്റേ ദിവസത്തെ നീണ്ട യാത്രക്കിടയ്ക്ക് കഴിക്കാം എന്ന കണക്കു കൂട്ടലില്‍.
പത്തര മണിയോടെ ഹോട്ടലില്‍ എത്തി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ രണ്ടു വശത്തും വന്‍കിട ആശുപത്രികള്‍ ആണ്, ഇത് വരെ ആശുപത്രിയില്‍ പോകേണ്ടി വന്നില്ലല്ലോ എന്നാ സന്തോഷത്തോടെ.

ഞാന്‍ എന്റെ ക്യാമെറായിലും വിഡിയോക്യാമെറായിലും എടുത്ത വിഡിയോകളും കൊടുത്തിരിക്കുന്നു.  
References:


സമുദ്ര ജന്തുക്കളുടെ ലോകം – സാന്‍ ഡീഗോ

ഹോട്ടല്‍ റൂമിലെ അടുക്കളയില്‍ വച്ച പാല്‍പൊടിയും പഞ്ചസാരയും കാപ്പിപ്പൊടിയും ഉപയോഗിച്ച് രാവിലത്തെ ചായ കാപ്പിയോടെ തുടങ്ങി. ആദ്യത്തെ ദിവസം കരയിലെ ജന്തുക്കളെയാണ് കണ്ടതെങ്കില്‍ ഇന്ന് കടല്‍ ജീവികളുടെ പാര്‍ക്കായ സീ വേള്‍ഡ് കാണാമെന്നു എല്ലാവരും കൂടി തീരുമാനിച്ചു. കിടക്കയും പ്രാതലും നല്‍കുന്ന ഹോട്ടെല്‍ (Bed and breakfast) ആയതു കൊണ്ടു സമൃദ്ധമായി പ്രാതല്‍ കഴിച്ചു പുറപ്പെട്ടു. ഉച്ചക്ക് എവിടെ നിന്നാണോ എപ്പോഴാണോ ഭക്ഷണം വാങ്ങാന്‍ കഴിയുന്നതെന്ന് ഉറപ്പില്ലാത്ത്തത് കൊണ്ടു പ്രാതല്‍ ഒട്ടും കുറച്ചില്ല. സാന്‍ ഡീഗോ പട്ടണത്തില്‍ നിന്ന് കുറച്ചു ദൂരം യാത്ര ഉണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരം പോലെയുള്ള നഗരം താണ്ടി  സീ വേള്‍ഡ് എന്ന കടല്ജീവികളുടെ പാര്‍ക്കില്‍ എത്തി. കാറുകളുടെ ഒരു സമുദ്രം തന്നെ ഉണ്ടവിടെ. ഒരു വിധം കാര്‍ പാര്‍ക്ക് ചെയ്തു ടിക്കറ്റ്  പരിശോധിക്കുന്ന ക്യുവില്‍ എത്തി. സാന്‍ ഡീഗോ നഗരത്തിലെ മിക്കവാറും എല്ലാ മ്യൂസിയങ്ങളും  മറ്റു കാഴ്ചകളും കാണാന്‍ ഒരുമിച്ചു ഓണ്‍ ലൈനില്‍ ടിക്കറ്റ് വാങ്ങിയിരുന്നത് കൊണ്ടു അധികം താമസിക്കാതെ അകത്തു കടന്നു.

കാലിഫോര്‍ണിയ യൂനീവെര്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ നാല് വിദ്യാര്‍ഥികള്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്ന സീ വേള്‍ഡ്. അവരുടെ ആദ്യത്തെ പരിപാടി ഒരു അന്തര്‍ സമുദ്രറെസ്റ്റൊരണ്ട്‌ ഉണ്ടാക്കാന്‍ ആയിരുന്നുവെങ്കിലും ഇന്ന് 22 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്രജീവികളുടെ ഒരു പാര്‍ക്കായി സാന്‍ ദീഗോയിലെ മിഷന്‍ ബേ എന്ന ഉള്‍കടല്‍ പ്രദേശത്ത് ആ സംരംഭം വളര്‍ന്നു. ഒന്നര മില്ല്യന്‍ ഡോളര്‍ ചിലവാക്കിയാണ് ഇത് നിര്‍മ്മിച്ചത്‌. ആദ്യകാലത്ത്  വെറും 45 തൊഴിലാളികളും കുറച്ചു ഡോള്‍ഫിന്‍ , കടല്‍ സിംഹം എന്നിവയുമായി ഒരു അക്വേറിയം ആയി തുടങ്ങിയ ഈ സ്ഥാപനം ആദ്യത്തെ വര്ഷം തന്നെ നാല് ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു.  

ഒരു പ്രൈവറ്റ് കമ്പനിയായി തുടങ്ങിയ ഈ സ്ഥാപനം 1968 ല്‍ പബ്ലിക് കമ്പനിയായി. ഇതുപോലെയുള്ള പാര്‍ക്കുകള്‍ ഓഹിയോ(Sea world Ohio 1970), ഓര്‍ലന്‍ഡോ(Seaworld Orlando- 1973)  സാന്‍ അന്റോണിയോ( Seaworld San Antoniyo- 1988)  എന്നീ സ്ഥലങ്ങളിലും പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ ചിലവ മറ്റു സ്ഥാപനങ്ങള്‍ക്ക് വിട്ടു പോയെങ്കിലും എല്ലാം നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു.


ഇവിടത്തെ പ്രധാന കാഴ്ചകള്‍
1. ആകാശ യാത്ര
വെറും ആറു മിനുട്ട് കൊണ്ടു 282 മീറ്റര്‍ ഉയരം ഉള്ള ചുറ്റുന്ന ടവറില്‍ കൂടി ഇവിടെയുള്ള പ്രധാന കാഴ്ച്ചകളുടെ ഒരു ഏകദേശ രൂപം നമുക്ക് കിട്ടുന്നു. കമന്ടറിയും ഉണ്ട്, വിശദമായ മാപ്പ് നോക്കി ഓരോ സ്ഥലത്തും പ്രത്യേകം ഷോ ഉള്ള സമയം നോക്കി വൈകുന്നേരം വരെയുള്ള പരിപാടി ആസൂത്രണം ചെയ്തു.

2. അറ്റ്ലാന്‍ടിസിലെക്കുള്ള യാത്ര.
ഇത് ഒരു റോളര്‍ കോസ്റ്റര്‍ യാത്രയാണ്, ധൈര്യം ഉള്ളവര്‍ മാത്രം കയറിയാല്‍ മതി. ഒരിക്കല്‍ സിംഗപ്പൂരില്‍ വച്ചുണ്ടായ അനുഭവം മതി എന്ന് തീരുമാനിച്ചു ഞാനും ശ്രീമതിയും ഒഴിഞ്ഞു. കൊച്ചു മകളും അച്ഛനും കൂടി അമ്മയും കൂടി അതില്‍ കയറി വന്നു, മകളുടെ സാഹസികത  കുറെയൊക്കെ കൊച്ചുമോള്‍ക്കും കിട്ടിയിട്ടുണ്ട്, കൂളായി അവള്‍ ചിരിച്ചുകൊണ്ട് തിരിച്ചു വന്നു.
3.. ഡോള്‍ഫിന്‍ ഷോ

ഡോള്ഫിന്‍സ് മനുഷ്യനുമായി നല്ല വണ്ണം മെരുങ്ങുന്ന ഒരു ജല ജീവിയാണല്ലോ. ഇവിടെ ഉള്ള ഡോള്‍ഫിനുകളുമായി ഇടപഴകാന്‍ സന്ദര്‍ശകര്‍ക്കും അനുവാദം ഉണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാനും കൈ കൊണ്ടു തഴുകാനും മറ്റും സൗകര്യം ചെയ്തിട്ടുണ്ട്. അവയുടെ പ്രദര്‍ശനം വളരെ ഹൃദ്യമായിരുന്നു, ഒറ്റക്കും കൂട്ടമായും നൃത്തം ചെയ്തും വെള്ളത്തില്‍ നിന്ന് പൊങ്ങി ചാടിയും പന്ത് മൂക്കില്‍ വച്ച് നീങ്ങിയും മറ്റും അവ അര മണിക്കൂറോളം എല്ലാവരെയും ആനന്ദിപ്പിച്ചു. വായുവില്‍ ഉയര്‍ന്നു ചാടി ചുറ്റി തിരിഞ്ഞാണ് ഇവ താഴെ എത്തുന്നത്‌. ഇതോടൊപ്പം പക്ഷികളെപ്പോലെ കയറില്‍ തൂങ്ങി പരിശീലകര്‍ ചില അഭ്യാസങ്ങളും കാണിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടു ഷോയുടെ ദൈര്‍ഘ്യം അല്പം കൂടിയോ എന്ന് സംശയം. അഞ്ചു തരം  ഡോള്ഫിനുകളാണ് ഇവിടെ ഉള്ളത്, അട്ട്ലാന്റിക്കിലും ശാന്തസമുദ്രത്തിലും കാണുന്ന കുപ്പിമൂക്കുള്ള തരം, ശാന്തസമുദ്രത്തില്‍ കാണപ്പെടുന്ന കുറിയ ചിറകുകള്‍ ഉള്ള പൈലറ്റ്‌ വെയില്‍സ് , എന്നിങ്ങനെ പല തരം.
4.  കില്ലര്‍ തിമിംഗലങ്ങളുടെ (ഓര്‍ക്കാ)  പ്രദര്‍ശനം
മനുഷ്യരെ ആക്രമിക്കുന്ന തരം ഓര്‍ക്കാ തിമിംഗലങ്ങളുടെ പ്രദര്‍ശനമാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. ഇവിടെ 1965 ല്‍ ആദ്യം കൊണ്ടു വന്ന  ശാമു എന്ന തിമിംഗലത്തിന്റെ പേരില്‍ ‘ശാമു ഷോ’ എന്ന് പേര് കൊടുത്തിരിക്കുന്നു. ഇവിടെ ഇപ്പോള്‍ പത്തു തിമിംഗലങ്ങളുന്ടു.  ‘ഒറ്റ സമുദ്രം’ (One Ocean )എന്ന ഈ പ്രദര്‍ശനത്തിനു   ശാമു ഷോ എന്ന്  പേര് കൊടുത്തിരിക്കുന്നത്. പ്രദര്‍ശനം നടക്കുന്ന സ്റ്റെഡിയത്തിനു ഷാമു സ്റ്റെഡിയം  എന്ന് പേരിട്ടിരിക്കുന്ന ഈ പൂളില്‍  30 മില്ല്യന്‍ ലിറ്റര്‍ വെള്ളം ഉണ്ടാവും, തിമിംഗലങ്ങളുടെ പേരുകള്‍ കോര്‍ക്കി, ഷൌക, ഓര്‍കിഡ് , കാളിയ, കസാട്ക, യുലീസിസ്, കീറ്റ്, ,നകായ്, ഇകൈക, മകാനി എന്നിവയാണ്, ഇതില്‍ ആദ്യം പറഞ്ഞ അഞ്ചു പേര്‍ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്.മറ്റു തിമിംഗലങ്ങളെ അപേക്ഷിച്ച് കാണാന്‍ വളരെ ഭംഗിയുള്ളതാണ് കില്ലര്‍ തിമിംഗലങ്ങള്‍.



ഒര്കാസ് എന്ന പേരില്‍ അറിയപ്പെടുന്ന കില്ലര്‍ തിമിംഗലങ്ങള്‍ ഡോള്‍ഫിന്‍ വര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ ജീവിയാണ്. ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഇര പിടിക്കുന്ന ജന്തുവാണിത്. മറ്റു സമുദ്ര ജീവികളായ സീല്‍, കടല്‍ സിംഹങ്ങള്‍, എന്തിനു ചെറിയ തിമീംഗലങ്ങളെപ്പോലും മൂര്‍ച്ചയേറിയ പല്ല് കൊണ്ടു കടിച്ചു തിന്നാന്‍ ഇവക്കു കഴിയും. പത്തു സെ മീ വരെ നീളമുള്ളതാണ് ഇവയുടെ പല്ല്. മഞ്ഞുകട്ടയുടെ മുകളില്‍ ഇരിക്കുന്ന സീലിനെ പോലും പിടിച്ചു തിന്നാന്‍ ഇവക്കു അസാമാന്യമായ സാമാര്ത്യം ഉണ്ട്. പൊതുവേ തണുത്ത ജലത്തില്‍ ജീവിക്കുന്ന ഇവയെ  ധ്രുവപ്രദേശങ്ങളിലും ഭൂമധ്യരേഖാ പ്രദേശങ്ങളിലും കാണുന്നുണ്ട്. നാല്‍പതോളം പേര്‍ ചേര്‍ന്ന സംഘങ്ങള്‍ ആയിട്ടാണ് ഇവ നീങ്ങുക. ഇവയില്‍ ഒരിനം ഒരേ സ്ഥലത്ത് താമസിക്കുന്നവയും മറ്റൊരിനം  വിവിധ സ്ഥലങ്ങളില്‍ ആയി നടക്കുന്നവയും ഉണ്ട്. ഇവയില്‍ സ്ഥിരമായി ഒരിടത്തു  താമസിക്കുന്നവ പൊതുവേ മത്സ്യം ആഹാരമാക്കുംപോള്‍,  സഞ്ചാരികള്‍ മറ്റു സസ്തന ജീവികളെയാണ് ഭക്ഷിക്കുക. ഇവ പരസ്പരം ആശയ വിനിമയത്തിന് പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു, ഇതുപയോഗിച്ച് സമുദ്രത്തിനടിയില്‍ പോലും വളരെ ദൂരം വരെ അവയ്ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നു. ഇത്തരം തിമിംഗലങ്ങളെ വേട്ടയാടാന്‍ മനുഷ്യര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.
‘ഫ്രീ വില്ലി’(Free Willy)  എന്ന സിനിമയില്‍ ഇത്തരം ഒരു തിമിംഗലമാണ് നായകന്‍. ചെറിയ ഒരു കുട്ടിയുടെ ചങ്ങാതിയായ ഫ്രീ വില്ലിയെ  ആ കുട്ടി രക്ഷിക്കുന്ന കഥ  വല്യവര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടും, തീര്‍ച്ച.

5.ആമകളുടെ ലോകം
ഭീമാകാരന്മാരായ ആമകളെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അറുപതോളം കടലാമകളെ സൂക്ഷിച്ചിരിക്കുന്നു. മറ്റു മത്സ്യങ്ങളോടൊപ്പം അവ ഒഴുകി ഒഴുകി നടക്കുന്നത് ഭംഗിയുള്ള കാഴ്ച തന്നെ.

6. ആര്‍ട്ടിക്കിലെ ഹെലികൊപ്ട്ടര്‍ യാത്ര
ഒരു സിമുലേറ്റര്‍ യാത്രയാണിത്.  ഒരു ചെറിയ ആഡിറ്റോറിയത്തില്‍ ഇളകുന്ന കസേരയില്‍ ഇരുന്നാല്‍ ഹെലികോപ്ടറില്‍ ആര്‍ട്ടിക്ക് ധ്രുവ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്ന പ്രതീതി ഉണ്ടാക്കുന്നു. ഹിമക്കരടികളും റെയിന്‍ ഡീയരുകളും. ഉടഞ്ഞുരുകുന്ന മഞ്ഞു പാളികളും, ചുറ്റും കാണാം മഞ്ഞുമലകളുടെ ഇടക്ക് കൂടി ഹെലികോപ്ടര്‍ കടന്നു പോകുമ്പോള്‍ അല്പം ധൈര്യം ഇല്ലാത്തവര്‍ വിഷമിക്കും, ഹൃദയ സംബന്ധമായ രോഗം ഉള്ളവരും ഗര്‍ഭിണികളും 45 സെ മീ എങ്കിലും ഉയരം ഇല്ലാത്ത കുട്ടികള്‍ക്കും പ്രവേശനം ഇല്ല. എന്ന് പുറത്തെഴുതി വച്ചതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്.

7. ബലുഗാ തിമിംഗലങ്ങള്‍ ഹിമക്കരടികള്‍,
ആര്‍ട്ടിക് സമുദ്രത്തില്‍ സ്ഥിര താമസക്കാരായ തിമിംഗലങ്ങളാണ് വെള്ളതിമിംഗലങ്ങള്‍, ഇവയെ ബലുഗ തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്നു. ഇവയുടെ കുട്ടികള്‍ ജനിക്കുമ്പോള്‍ ചാരനിറത്തിലായിരിക്കും എങ്കിലും  ക്രമേണ പ്രായ പൂര്‍ത്തിയാകുമ്പോള്‍ അഥവാ അഞ്ചു വയസാകുമ്പോള്‍ അവയ്ക്കും വെള്ള നിറം കിട്ടുന്നു. താരതമ്യേന ചെറിയതരം ആണ് ഈ തിമിംഗലങ്ങള്‍. നീളം മുതല്‍ 6.1 മീറ്റര്‍ വരെ. ഗോളാക്രുതിയിലുള്ള നെറ്റിയും കള്‍ ഭാഗത്തുള്ള ചിറകു (Dorsal fin)  ഇല്ല എന്നതും ഇവയുടെ പ്രത്യേകതകള്  ആണ്. വെള്ള തിമിംഗലങ്ങള്‍ ചെറിയ സംഘമായാണ് ജീവിക്കുന്നത്, ഇവയ്ക്കും തമ്മില്‍ ആശയ വിനിമയത്തിന് വിസില്‍ പോലെയും ക്ലിക്ക് ക്ലാന്ഗ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് ഇവയെ  ധാരാളമായി കാണാറുള്ളത്‌. ആര്‍ട്ടിക് സമുദ്രം നത്ത് തണുത്തു  ഉറയുമ്പോള്‍  ഇവയില്‍ ചിലത് കുടുങ്ങിപോകുന്നു. ഇങ്ങനെ ചത്ത്‌ പോകുന്ന  തിമിംഗലങ്ങള്‍ പലപ്പോഴും ഹിമക്കരടികള്‍ക്കും കില്ലര്‍ തിമിംഗലങ്ങള്‍ക്കും  ധ്രുവത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും ഭക്ഷണം ആയി തീരുന്നു. മത്സ്യങ്ങളും പുഴുക്കളും മറ്റുമാണ് ഇവയുടെ ഭക്ഷണം.
ഇവിടെ ഇവയെ വലിയ ഒരു സ്ഫടിക പൂളില്‍ യഥേഷ്ടം കളിക്കാന്‍ വിട്ടിരിക്കുന്നു. കാണികളെ രസിപ്പിക്കാനെന്നോണം മുങ്ങിയും പൊങ്ങിയും സ്ഫടിക ഭിത്തിയില്‍ മുട്ടി അടുത്ത് വന്നും  നമ്മെ അവ സന്തോഷിപ്പിക്കുന്നു. കില്ലര്‍ തിമിംഗലത്തിന്റത്ര ഭീകരത ഇവയ്കില്ല എന്നത് ആശ്വാസം തന്നെ.

8. കുത്തുന്ന തിരണ്ടികള്‍ (Sting Rays)
മറ്റൊരു പൂളില്‍ അനേകം വലിയ തരം തിരണ്ടികള്‍ പാറിപ്പറന്നു നടക്കുന്നു. ഇത്തരം തിരണ്ടികളുടെ വാലിന്റെ അറ്റം വളരെ കൂര്തതാണ്, അവ വളച്ചടിച്ചാണ് ഇവ ശത്രുക്കളെ തുരത്തുന്നത്. ഇവിടെ ഉള്ളവയുടെ വാലിന്റെ അഗ്രം മുറിച്ചു കൂടുതല്‍ അക്രമം നടത്താത്ത വിധം ആക്കിയിട്ടുണ്ട്. പൂളിന്റെ അരുകില്‍ കാഴ്ച്ചകാരുടെ അടുത്ത് വന്നു പോകുമ്പോള്‍ അവയുടെ തെന്നുന്ന പുറത്തു ആള്‍ക്കാര്‍ക് തഴുകാം, പ്രത്യേകം തയാറാക്കിയ ഭക്ഷണം ചെറിയ തുക കൊടുത്തു വാങ്ങി ഭക്ഷണം കൊടുക്കുകയും ആവാം. പൂളില്‍ കയ്യിട്ടാല്‍ സോപ്പുപയോഗിച്ചു കൈ കഴുകണം എന്ന  നിര്‍ദേശം  ഉണ്ട്, സോപ്പും വെള്ളവും സൂക്ഷിച്ചിട്ടും ഉണ്ട്. മറ്റു ഭക്ഷണം നിരോധിച്ചിരിക്കുന്നു. 
  
9. കടല്‍ സിംഹങ്ങള്‍ (Sea lions)
കടല്‍ സിംഹങ്ങള്‍ അത്ര കാണാന്‍ ഭംഗിയുള്ള ജന്തുക്കളല്ല എങ്കിലും അവയ്ക്കും ചിലതൊക്കെ കാണിക്കാന്‍ കഴിയും,. ഇവിടെ ഞങ്ങള്‍ക്ക് ആദ്യം അവയ്ക്ക് തീറ്റ കൊടുക്കുന്നതും പിന്നീട് അവയുടെ പ്രകടനവും കാണാന്‍ കഴിഞ്ഞു. ഭക്ഷണത്തിനുള്ള അവയുടെ ആര്‍ത്തി കാണേണ്ടത് തന്നെ.  പാരകളും മറ്റുമുള്ള ഒരു ചെറിയ പ്പൂളില്‍ ആരെഴെന്നന്‍ കിടക്കുന്നു. ആരെങ്കിലും  ഭക്ഷണവുമായി വന്നാല്‍ ‘എനിക്ക് താ’ ‘എനികൂ താ’ എന്ന് നിലവിളിക്കുന്ന്നതുപോലെ നമ്മുടെ അടുത്തേക്ക് പാഞ്ഞു വരുന്നു. വികൃതമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്. അവിടെ ചെറിയ തുക കൊടുത്താല്‍ ഭക്ഷണം കിട്ടും, മതിയോ ചൂടയോ പോലുള്ള മത്സ്യം. അത് താഴോട്ടിടുമ്പോള്‍ അവ തമ്മില്‍ ഉള്ള വഴക്കും എല്ലാം രസകരം തന്നെ. ഇല നക്കി നായുടെ ചിരി നക്കി നാ എന്നാ പോലെ ഇവക്കു കൊടുക്കുന്ന മീന്‍ താഴെ വീഴുന്നത് തിന്നാന്‍ കുറെ  വെള്ള കൊക്കുകളും.
കടല്‍ സിംഹത്തിന്റെ  ഷോ തുടങ്ങിയപ്പോള്‍ സ്റ്റേഡിയത്തില്‍ അസഹ്യമായ വെയില്‍. എങ്കിലും പരിശീലകന്‍ പറയുന്നതെല്ലാം അവയുടെ കഴിവനുസരിച്ച് കാണിക്കുന്നുണ്ട്. വളരെ മൃദുലവും മാംസളവുമായ അതിന്റെ ശരീരവുമായി കുണുങ്ങി കുണുങ്ങിയുള്ള അവയുടെ  നടപ്പ് തന്നെ രസകരമാണ്, കുഞ്ഞുങ്ങള്‍ക്ക്‌ വളരെ സന്തോഷമായി, അവയ്ക്ക് തീറ്റ കൊടുത്തതും, പ്രദര്‍ശനവും. 
 10. വാടര്‍ പാര്‍ക്ക് 

നമ്മുടെ വീഗാലാണ്ടു പോലെ വെള്ളത്തില്‍ കളിക്കേണ്ടവര്‍ക്ക് ഒരു വാടര്‍ തീം പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ഉയര്‍ന്ന സ്ഥലത്ത് നിന്ന് വെള്ളത്തില്‍ കൂടി താഴോട്ടു പതിക്കുന്ന തരത്തില്‍ ഉള്ള വാട്ടര്‍ സ്ലൈഡ് എല്ലാവര്‍ക്കും ഇഷ്ടമാവും, പക്ഷെ സ്വിമ്മിംഗ് സ്യുട്ടും മറ്റും ധരിച്ചു തയാറാവണം. ഞങ്ങള്‍ക്ക്  അത്തരം തയാറെടുപ്പൊന്നും ഇല്ലാതിരുന്നത് കൊണ്ടും സമയക്കുറവു കൊണ്ടും അവിടെ കയറിയില്ല.
ചുരുക്കത്തില്‍ സമുദ്ര ജീവികളുടെ ഒരു അത്ഭുത ലോകം തന്നെ ഒരു ദിവസം മുഴുവന്‍ കാണാന്‍ കഴിഞ്ഞ സംതൃപ്തിയോടെ ഞങ്ങള്‍ വൈകുന്നേരത്തെ ഭക്ഷണം അന്വേഷിച്ചു നീങ്ങി. വീണ്ടും ഇന്ത്യന്‍ ഭക്ഷണശാല തിരഞ്ഞപ്പോള്‍ കണ്ടത് ‘ശിവ’ എന്ന പേരില്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഒരു റെസ്റ്റൊരന്റില്‍ എത്തി. ഇവിടെയും തിരക്കൊന്നും ഇല്ല,  സിലിക്കന്‍ വാലിയിലെ രണ്ടു ഇന്ത്യന്‍ വംശജരായ ഐ ടി ക്കാര്‍ തുടങ്ങിയതാണ്‌ ഈ ശ്രുംഖല. നല്ല കടലക്കറിയും ചിക്കനും ഫ്രൈഡ് റൈസും എല്ലാം പതിനഞ്ചു മിനുട്ടുകള്‍ക്കകം തയ്യാര്‍. നല്ല ഭക്ഷണത്തിനു നന്ദി പറഞ്ഞു കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണം പാകം ചെയ്യാന്‍ വേണ്ടതും പാലും പഞ്ചസാരയും വാങ്ങി രണ്ടാം ദിവസവും കഴിഞ്ഞു.  

References
.