Saturday, August 16, 2014

സാന്‍ ഡീഗോ തുറമുഖം

നമ്മുടെ അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖം പോലെ ഒരു ഉള്‍ക്കടലിലേക്ക് നീങ്ങിയാണ്‌ സാന്‍ ഡീഗോ തുറമുഖവും.തുറമുഖം കാണാന്‍ വരുന്നവര്‍ക്ക് ബോട്ടില്‍ കൊണ്ടു പോയി ഏകദേശം ഒരു മണിക്കൂര്‍ തുറമുഖം ചുറ്റി കാണിച്ചു കൊടുക്കും. ബോട്ടില്‍ വച്ച് ഡിന്നര്‍ കഴിക്കാന്‍ ഉള്ള പ്രത്യേക ബോട്ടുയാത്രയും ഉണ്ട്. ഇന്ഗ്ലീഷില്‍ തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി വിവരണവും ഉണ്ട്. മൃഗശാലയില്‍ രാവിലെ മുതല്‍; നടന്നു തളര്‍ന്ന ഞങ്ങള്‍ക്ക് കടല്‍കാറ്റും കൊണ്ടുള്ള ബോട്ട് യാത്ര ക്ഷീണം മാറ്റാനും രാത്രിയിലെ ഭക്ഷണസമയം ആകുന്നതു വരെ നേരം പോക്കാനും പ്രയോജനപ്പെട്ടു. നമ്മുടെ നാട്ടിലെ പോലെ സുരക്ഷാപരിശോധനയൊന്നും ഇല്ലായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്തു  ബോട്ടിലേക്ക് പ്രവേശനത്തിനുള്ള ടിക്കറ്റ് വാങ്ങി ഞങ്ങള്‍ ബോട്ടില്‍ കയറി, വലിയ ബോട്ടാണ്, മുകളില്‍ ഇരിക്കാന്‍ കസേരകള്‍ ഉണ്ട്, താഴെയും. വലിയ തിരക്കില്ലാഞ്ഞത് കൊണ്ടു മുകളില്‍ തന്നെ കയറി ഇരുന്നു.
1962ല്‍  സാന്‍ ഡീഗോ കാലിഫോര്ണിയാ സംസ്ഥാനത്തിലെ ഒരു സ്വതന്ത്ര തുറമുഖം ആയി പ്രഖ്യാപിക്കപ്പെട്ടു. ഇത് ഒരു സ്വയംഭരണ സ്ഥാപനമാണ്‌. അമേരിക്കയിലെ മുപ്പതോളം കണ്‍ടെയിനര്‍ തുറമുഖങ്ങളില്‍ ഒന്നാണിത്. 3,300,000 മെട്രിക് ടണ്‍ സാധനങ്ങള്‍ വര്‍ഷാവര്‍ഷം കയറ്റി ഇറക്കുന്നു ഇവിടെ. മറ്റു രാജ്യങ്ങളില്‍ നിന്ന്  അമേരിക്കയിലേക്ക് അയക്കുന്ന  ഹോണ്ടാ, ഇസുസു,അകുര,വോക്സ്‌ വാഗണ്‍ നിസ്സാന്‍ മിറ്റ്സുബിഷി ഹിനോ എന്നീ മോട്ടോര്‍ കാറുകള്‍ ഇവിടെ ആണ് ഇറക്കുന്നത്‌. 1990 ലാണ് വാഹനങ്ങള്‍ ഇവിടെ ഇറക്കി തുടങ്ങിയത്. ആദ്യവര്ഷം തന്നെ 15,589   വാഹനങ്ങള്‍ ഇറക്കുമതി ചെയ്തു. ഇപ്പോള്‍ ശരാശരി എണ്ണം  400,000 കവിഞ്ഞു. 1993ല്‍ ഫ്രീസര്‍ സൌകര്യങ്ങള്‍ ഉള്ള ഓരോ ഡോക്ക് തുറമുഖത്തില്‍ ഉണ്ടാക്കി. ഡോള്‍ ഫുഡ് കമ്പനി എന്ന സ്ഥാപനം ഈ ഡോക്ക് 20 വര്‍ഷത്തെ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഴപ്പഴം മിക്കവാറും ഈ തുറമുഖം വഴിയാണ് വരുന്നത്. ഏകദേശ, 1.8 ബില്ല്യന്‍ ( ഒരു ബില്ലിയന്‍ = 1000,000,000) പൌണ്ട് ആണ് ഒരു വര്ഷം ഇറക്കുമതി ചെയ്യുന്ന വാഴപ്പഴം. ചൈനയില്‍ നിന്ന് വരുന്ന ധാരാളം സാധനങ്ങളും ഈ തുറമുഖം വഴിയാണ് വരുന്നത്.
തുറമുഖത്തിന്റെ ഉള്ളില്‍ ഉള്ള ദ്വീപിലാണ് നേവിയുടെ ആഫീസുകളും മറ്റും, കൊച്ചിയിലെപ്പോലെ തന്നെ. കരയോടടുത്തു ഒരു അന്തര്സമുദ്ര കപ്പലുകള്‍ അടുപ്പിച്ചിടാനും വേണ്ട അറ്റകുറ്റപണി നടത്താനും ഉള്ള സൗകര്യവും ഉണ്ട്.. കൊച്ചിയിലെപ്പോലെ അഴിമുഖം ദൂരെ കാണാം.
തുറമുഖത്തിന്റെ ഒരു ഭാഗത്ത്‌ വാര്‍ഫില്‍ നിറയെ കടല്‍ സിംഹങ്ങള്‍  (See lions) കിടക്കുന്നു, വെയില്‍ കായാന്‍ എന്നോണം. 

അമേരിക്കയില്‍ സെപ്തംബര്‍ രണ്ട് തൊഴിലാളികളുടെ ദിനം ആയി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സാന്‍ഡീഗോ  തുറമുഖത്തു വച്ച് ഒരു പായ്കപ്പലുകളുടെ പ്രദര്‍ശനവും മണല്‍ ശില്പങ്ങളുടെ മത്സരവും ഒരു ചിത്ര രചനാ മത്സരവും നടക്കുന്നുണ്ട്. ഇത്തവണ ആഗ 30 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ഈ പ്രദര്‍ശനം. ഞങ്ങള്‍ ചെന്ന ദിവസം പഴയ പായ്കപ്പലുകള്‍ വന്നു  ചേര്‍ന്ന് കൊണ്ടിരിക്കുന്നെ ഉള്ളൂ. മണലിലെ ശില്പങ്ങള്‍ക്കുള്ള തയാറെടുപ്പ് കണ്ടില്ല, അതോ ഞങ്ങള്‍ ആ സ്ഥലത്തേക്ക് പോകാത്തത് കൊണ്ടാണോ അറിയില്ല.  കഴിഞ്ഞില്ല. ഇതിനെപറ്റിയുള്ള ഒരു യുട്യുബ് വിഡിയോ http://youtu.be/4a72dL7Ozv0
ഈ ലിങ്കില്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സയിറ്റ് http://www.portofsandiego.org/recreation/3341-festival-of-sail-sand-sculpting-event-enliven-san-diego-bay-waterfront-labor-day-weekend.html
സന്ദര്‍ശിക്കുക.
തുറമുഖത്തിന്റെ ഒരു ഭാഗത്തായി ഒരു വലിയ വിമാന വാഹിനികപ്പല്‍ നംകൂരം ഇട്ടപോലെ കിടക്കുന്നു. യു എസ എസ മിഡ്വേ എന്ന പഴയ വിമാന വാഹിനികപ്പലാണത്. അതിനുള്ളില്‍ നേവിയുടെ ഒരു പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാവികരേയും എല്ലാം മഡാം തുസ്സാടിന്റെ മെഴുകു പ്രതിമകള്‍ പോലെ കൃത്രിമമായി നിര്‍മിച്ചിരിക്കുന്നു. കപ്പലിന്റെ മുകള്‍ ഭാഗത്ത്‌ ബൈനോക്കുലേര്സ്  രണ്ടു നേവല്‍ പട്ടാളക്കാര്‍ ആള്‍ക്കാരെ ശ്രദ്ധിച്ചു നോക്കുന്നു. പൂര്‍ണകായരൂപം കണ്ടിട്ട് യഥാര്‍ത്ഥമായി ആള്‍ക്കാര്‍ നില്കുന്നത് പോലെ തന്നെ. അഞ്ചു മണി കഴിഞ്ഞത് കൊണ്ടു പ്രദര്‍ശനസമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തു നിന്ന് നോക്കി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ സ്ഥലം അന്വേഷിച്ചു തുടങ്ങി.

കുട്ടികള്‍ ഐഫോണില്‍ ഇന്ത്യന്‍ റെസ്റ്റൊരന്റ്റ് അന്വേഷിച്ചു തുടങ്ങി. ഏതാനും മൈലുകള്‍ക്കുള്ളില്‍ തന്നെ എട്ടു ഇന്ത്യന്‍ റെസ്റ്റൊരന്റുകള്‍ ഉള്ളതായി കണ്ടു. ആള്‍ക്കാരുടെ അഭിപ്രായവും റേറ്റിങ്ങും നോക്കി ഗൂര്മേ ഇന്ത്യ (Gourmey India) എന്ന റെസ്റ്റൊരന്റില്‍ എത്തി. പൊതുവേ  ഏഷ്യന്‍ വംശജര്‍ ധാരാളം ഉള്ള സ്ഥലമാണ് കാലിഫോര്‍ണിയ. വാഹനം പാര്‍ക്ക് ചെയ്യാനാണ് ഏറ്റവും വിഷമം. ഒരു പാര്‍ക്കിംഗ് സ്ഥലത്ത് പരസ്യം കണ്ടു ‘ ഇവിടെ മൂന്നു മണിക്കൂര്‍ പാര്‍ക്കിങ്ങ് സൌജന്യം പത്തു ഡോളറിലധികം കെട്ടിടത്തിലെ ഏതെങ്കിലും കടയില്‍ നിന്ന് സാധനം വാങ്ങിയാല്‍’ എന്ന്. ഏതായാലും ചില്ലറ സാധനം വാങ്ങേണ്ടതും ഉണ്ട്. അത് കൊണ്ടു അവിടെത്തന്നെ കയറി. ഗൂര്‍മെയില്‍ ചെന്നപ്പോള്‍ തീരെ തിരക്കില്ല. ഒരു സര്‍ദാര്‍ജിയും ഭാര്യയും മക്കളും കൂടി നടത്തുന്ന സ്ഥാപനം ആണ്. പുറത്തു സ്വീകരണത്തിന് മാത്രം ഒരു അമേരിക്കന്‍ സ്ത്രീ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വരാന്തയിലോ അകത്തോ ഇരിക്കാന്‍ സൗകര്യം ഉണ്ട്. കുട്ടികള്‍ ഉള്ളത് കൊണ്ടു ഞങ്ങള്‍ അകത്തു തന്നെ ഇരുന്നു. എല്ലാ വിഭവങ്ങളും ഉണ്ട്. ചിക്കന്‍ ചെട്ടിനാടും നാനും ദോശയും എല്ലാം. കുട്ടികള്‍ക്ക് ദോശയും വലിയവര്‍ക്കു ചിക്കനും നാനും വാങ്ങി, ഭക്ഷണം നന്ന്. സര്‍ദാരിന്റെ മകന്റെ വിനയം നിറഞ്ഞ പെരുമാറ്റം, കുഞ്ഞുങ്ങള്‍ക്ക്‌ പപ്പടം പോലയുള്ള എന്തോ സാധനം ഫ്രീ ആയി കൊണ്ടു വച്ച്. അതും കൊറിച്ചു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. രുചികരമായ ഭക്ഷണം. ഹോട്ടലിന്റെ റിവ്യൂ ശരിയായിരുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോള്‍  കാര്‍ പാര്‍ക്കിംഗ് ഫീ ബില്ല് കാണിച്ചാല്‍ ഒഴിവാക്കും എന്ന് അയാള്‍ പറഞ്ഞു. വണ്ടി എടുത്തു ഗെയിറ്റില്‍ എത്തിയപ്പോള്‍ കറമ്പി മദാമ്മ സമ്മതിക്കുകയില്ല, ബില്ല് എവിടെയോ പോയി അപ്രൂവ്‌ ചെയ്യിക്കണമത്രേ. രാത്രി ആയി കുട്ടികളെയും കൊണ്ടു കറങ്ങാന്‍ വയ്യാത്തത് കൊണ്ടു പറഞ്ഞ പണം ( 15  ഡോളര്‍ കൊടുത്തു ഹോട്ടലിലേക്ക് തിരിച്ചു.

 ഞാന്‍ എടുത്ത വിഡിയോയും കാണാം :<iframe width="560" height="315" src="//www.youtube.com/embed/MxYpTN9j0nY" frameborder="0" allowfullscreen></iframe>

Friday, August 15, 2014

സാന്‍ ഡീഗോ മൃഗശാല

മൃഗശാലകള്‍ കാണുക എപ്പോഴും കൌതുകമാണ്, പ്രത്യേകിച്ചും ലോക പ്രശസ്തമായ ഒന്നാകുമ്പോള്‍.  വെറും ഒരു മൃഗശാല എന്നതിനുപരി നാശോന്മുഖമായ പല ജീവികളുടെയും സംരക്ഷണത്തിന് പ്രത്യേക പരിഗണന കൊടുക്കുന്ന ഒരു മൃഗശാലയാണിത്‌. നഗരകേന്ദ്രത്തിലെ വിശാലമായ ബല്ബാവോ പാര്‍ക്കിലാണ് ഈ മൃഗശാല. 650 ഇനങ്ങളില്‍ പെട്ട 3,700 ജീവികള്‍ ഇവിടെ ഉണ്ട്. ഈ മൃഗശാലയുടെ പ്രധാന സഹായ സംഘടനയായ സാന്‍ ഡീഗോ ഗ്ലോബല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗ സംഖ്യയുള്ള ജീവശാസ്ത്ര സംഘടനയാണ്. 2,50,000 അംഗങ്ങള്‍ ഉള്ളതില്‍  1,30,00 കുട്ടികള്‍ തന്നെയാണ്. ഞങ്ങളുടെ കൂട്ടത്തിലും  ഏഴു വയസും നാല് വയസും ഉള്ള രണ്ടു ചെറിയകുട്ടികളും അറുപതു വയസ്സ് കഴിഞ്ഞ രണ്ടു വലിയ കുട്ടികളുമാണുണ്ടായിരുന്നതു. അക്കാരണത്താല്‍ സാന്‍ ദീഗോയില്‍ എത്തി ആദ്യം ഇവിടെ തന്നെ പോകാന്‍ തീരുമാനിച്ചു.



കഴിവതും മൃഗങ്ങളെയും പക്ഷികളെയും അവരുടെ സ്വാഭാവികമായ അന്തരീക്ഷത്തില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷികളെപ്പോലും കൂടുകള്‍ ഉണ്ടാക്കാതെ തുറന്ന സ്ഥലത്ത് വലിയ  നെറ്റുകള്‍ ഉണ്ടാക്കി അവയ്ക്ക് സ്വന്തമായി കൂടുണ്ടാക്കി മുട്ടയിടാനും പറന്നു കളിക്കാനും ഉള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. തുറന്ന മൃഗശാലയാണെങ്കിലും കാഴ്ചക്കാര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കുന്നുമുണ്ട്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന  കൂറ്റന്‍ പാണ്ടയെ സൂക്ഷിക്കുന്ന അത്യപൂര്‍വമായ മൃഗശാലകളില്‍ ഒന്നാണിത്. ആസ്ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടിമാത്രം ഒരു പ്രത്യേക പ്രദര്‍ശനം കൊലഫോര്നിയ (Koalafornia) യും ഒരുക്കിയിട്ടുണ്ട്.

സാന്‍ ഡീഗോ നഗര സഭ നല്‍കിയ 100 ഏക്കര്‍ ഭൂമിയില്‍ ആണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. സാന്‍ ഡീഗോ ജീവശാസ്ത്ര സംഘടന (Zoological Society of   San Diego ) ആണ് ഇതിനു ഭരണ നേതൃത്വം നല്‍കുന്നത്. ജീവികളുടെയും ഉപകരണങ്ങളുടെയും മറ്റെല്ലാം ഉടമാവകാശം നഗരസഭക്ക് തന്നെ. നാശം വന്നു കൊണ്ടിരിക്കുന്ന ജീവികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും  (San Diego Zoo Institute for Conservation Research.)
ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു, ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണവും നടത്താന്‍. അമേരിക്കന്‍ മ്യൂസിയങ്ങളുടെ സംഘടനയും (American Alliance of Museums (AAM) മൃഗശാലകളുടെ ലോക സംഘടനയുടെയും( World Association of Zoos and Aquariums (WAZA). അംഗീകാരം കിട്ടിയിട്ടുണ്ട്. ഇതോടനുബന്ധിച്ച്  ഒരു മൃഗസവാരിക്കും (San Diego Zoo Safari Park ) പ്രവര്‍ത്തിക്കുന്നു.   
1915 ല്‍ നടന്ന അപൂര്‍വ മൃഗങ്ങളുടെ പ്രദര്‍ശനത്തെ തുടര്ന്നാണ്  ഈ മൃഗശാല ഉണ്ടായയത്. ഡോ. ഹാരി എം വെജിഫോര്ത് എന്നയാളാണ് സാന്‍ ദീഗോയിലെ ജന്തുശാസ്ത്ര സംഘടനയ്ക്ക് 1916 ഒക്ടോബര്‍  2നു തുടക്കം കുറിച്ചത്. 1941 വരെ ഈ സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹമാണ് ഈ മൃഗശാലയെ വികസിപ്പിച്ചെടുത്തത്. സ്ഥലവും കെട്ടിടങ്ങളും ജീവികളും നഗരസഭയുടെ ഉടമസ്ഥതയില്‍  ആക്കി നില നിര്‍ത്തി  സംഘടന  മൃഗശാലയുടെ ഭരണവും ജീവികളുടെ സംരക്ഷണവും ഏറ്റെടുക്കാനും ഉള്ള സംവിധാനം അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഉണ്ടാക്കിയത്. അത് ഇന്നും നില നില്കുന്നു. ഈ ദീര്‍ഘ ദര്‍ശിയുടെ നിര്‍ബന്ധമാണ്‌ മൃഗങ്ങള്‍ക്ക് കൂടില്ലാത്ത സംരക്ഷണം നല്‍കുക എന്ന ആശയം നടപ്പിലാക്കിയത്. നശിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ വംശ വര്‍ദ്ധനയ്ക്ക് വേണ്ടി ഒരു കേന്ദ്രം (Center for Reproduction of Endangered Species (CRES) 1975 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തില്‍ ആദ്യമായി ഒരു ആല്‍ബിനോ കോള മൃഗശാലയില്‍ പ്രസവിച്ചത് സെപ്തംബര്‍  1, 1997 ലാണ്.കുട്ടിക്ക് ‘ഒനിയ-ബിരി’ എന്ന് പേരും ഇട്ടു. ആസ്ട്രേലിയന്‍ നാട്ടുഭാഷയില്‍ ‘പ്രേതബാലന്‍’ എന്നാണിതിനു അര്‍ഥം. ആസ്ട്രെലിയക്ക്‌ പുറത്തു ഏറ്റവും അധികം കോളാകള്‍ ഉള്ളത് ഈ മൃഗശാലയിലാണ്.  
 മൃഗശാല ചുറ്റിക്കാണാന്‍   രണ്ടു തരം ബസ്സുകള്‍ ഓടുന്നു, ഒരു സാധാരണ ബസ്സും മറ്റൊരു എക്സ്പ്രെസ്സ് ബസ്സും. മൃഗശാലയുടെ 75% വും ഈ ബസ്സില്‍ ഇരുന്നു കാണാം തിരക്കുള്ളവര്‍ക്ക്, എന്നാല്‍ വിശദമായി അവയെ കണ്ടു ഫോട്ടോ എടുക്കണമെങ്കില്‍ നടന്നു തന്നെ കാണണം. ഇവിടത്തെ പ്രധാന കാഴ്ചകള്‍ താഴെകൊടുക്കുന്നു.
1.    കുരങ്ങുകളുടെ  കാടു:
ഏഷ്യയിലെയും ആഫ്രിക്കയിലെയും മഴക്കാടുകളില്‍ വളരുന്ന മിക്കവാറും എല്ലാ ഇനങ്ങളിലുമുള്ള കുരങ്ങുകള്‍ ഇവിടെ പാര്കുന്നു. ഗുവേനോ, മകാബെ, മാണ്ട്രില്‍ എന്നിവയാണ് കൂടുതലും. ഇതിനോടൊപ്പം തന്നെ ചെറിയ തരം ഹിപ്പോകളും മുതലകളും ഇവിടെ ചെറിയ കുളങ്ങളില്‍ വിഹരിക്കുന്നു. ചില പ്രത്യേക മരങ്ങളും ഇവിടെ വളര്തുന്നുണ്ട്.

2.    പക്ഷികളുടെ  സ്വര്‍ഗം :
വിവിധ തരത്തില്‍ ഉള്ള പക്ഷികള്‍ക്ക് പാര്‍ക്കാന്‍ നിബിഡമായ മരങ്ങളുടെയും വല്ലികളുടെയും കൂട്ടം ഉണ്ടാക്കിയിരിക്കുന്നു. കാഴ്ചക്കാരെ സംരക്ഷിക്കാന്‍ വല കെട്ടിയിട്ടുണ്ട്, പക്ഷികള്‍ പറന്നു പോകാതിരിക്കാനുള്ള സംവിധാനം നിലനില്കുന്നുണ്ട് എങ്കിലും നാം വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ അത് കാണാന്‍ കഴിയൂ. അതുകൊണ്ടു പക്ഷികള്‍ മിക്കവാറും സ്വതന്ത്രമായി തന്നെ പറന്നു നടക്കുന്ന. വിശേഷപ്പെട്ട ഇനത്തിലുള്ള പല പക്ഷികളെയും ഇവിടെ കാണാം.

3.    വലിയ ഇനം പാണ്ടകളുടെ സ്വര്‍ഗം:
    അമേരിക്കയില്‍ വലിയ ഇനത്തിലുള്ള പാണ്ടകളെ സംരക്ഷിക്കുന്ന നാള്‍ മൃഗശാലകളില്‍ ഒന്നാണ് ഇത്. അവയുടെ പുനരുത്പാദാനതിലും ഈ മൃഗശാല വിജയം കൈവരിച്ചിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി ജനിച്ച രണ്ടു പാണ്ട കുഞ്ഞുങ്ങള്‍ പ്രായപൂര്തിയാകുന്നതുവരെ വളര്‍ന്നു. 1999ല്‍ ജനിച്ച ഹുയമേയും 2003,ല്‍ ജനിച്ച മേയ് ഷെങ്ങും സാന്‍ ഡീഗോ മൃഗശാലയില്‍ ജനിച്ചു വളരുന്നു. അതിനു ശേഷവും മൂന്നു പാണ്ടകുഞ്ഞുങ്ങള്‍, രണ്ടു പെണ്ണും ഒരാണും, ഇവിടെ സ്ഥിര താമസക്കാരായ മാതാപിതാക്കള്‍ക്ക് ( ബായ് യുന്‍ , ഗാവോ ഗാവോ)  ജനിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയെ ഒഴിച്ച് മറ്റെല്ലാവരെയും ചൈനയില്‍ വളരാന്‍ അയച്ചിട്ടുണ്ട്. ഇവയെ മൃഗ ശാലയുടെ വെബ്സൈറ്റില്‍ കാണാം. (http://www.sandiegozoo.org/pandacam/gallery.html) ഈ മൃഗങ്ങളെപറ്റി കൂടുതല്‍ അറിയാനുള്ള ഒരു പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ട്. ഇവയുടെ ഭക്ഷണത്തിന് വേണ്ടി ധാരാളം മുളയും വളര്‍ത്തുന്നു.

4.    ധ്രുവ കരടിയുടെ മട.
മുപ്പതിലധികം ധ്രുവ പ്രദേശ ജീവികളാണ് ഇവിടെ ഉള്ളത്, 1996ല്‍ തുടങ്ങി 2010ല്‍ നവീകരിച്ച ഇവിടത്തെ പ്രധാന അന്തേവാസികള്‍ മൂന്നു ധ്രുവ കരടികള്‍ ആണ്. റെയിന്‍ഡിയര്‍, ധ്രുവ ചെന്നായ് രകൂന്‍ എന്നിവയും ഇവിടെ ഉണ്ട്. വിവിധ ഇനങ്ങളിലുള്ള 25 തരം താറാവുകളും ഇവിടെ ഉണ്ട്.നല്ല ചൂടുള്ള ദിവസം ആയതുകൊണ്ട് ധൃവക്കരടികള്‍ ഒന്നും പുറത്തു വന്നു  കണ്ടില്ല.

5.    ആഫ്രിക്കന്‍ വനം (Ituri Forest)
ആഫ്രിക്കയിലെ വനങ്ങളില്‍ വസിക്കുന്ന മൃഗങ്ങളുടെ ഒരു ശേഖരം ആണിത്. ജലാശയങ്ങള്‍ടുക്കത്ത് ജീവിക്കുന്ന കുരങ്ങുകള്‍, മൂക്കില്‍ പൊട്ടുള്ള ഒരു തരം കുരങ്ങുകള്‍, കഴുത്തില്‍ വരയുള്ള ഇനം , ആഫ്രിക്കന്‍ കാട്ടുപോത്ത് എന്നിങ്ങനെ പോകുന്നു ഇവിടെ ഉള്ളവ.

6.    ആനപ്പന്തി
അഞ്ചേക്കറോളം വലിപ്പമുള്ള ഒരു ആനപ്പന്തി ഇവിടെ 2009ല്‍ ഉണ്ടാക്കി, ആനകള്‍ക്ക് വേണ്ടി മാത്രം. ഒരു കൊമ്പനും അഞ്ചു പിടിയാനകളും ഏഷ്യന്‍ ആനകളാണ്. രണ്ടു ആഫ്രിക്കന്‍ ആനകളും നാല് സങ്കര വര്‍ഗക്കാരും വേറെ ഉണ്ട്. ഇവിടെ തന്നെ പഴയ കാലത്തെ ഓര്മിപ്പിക്കുവാന്‍ കൊളംബിയന്‍ മാമത്തിന്റെയും ഓരോ സാബര്‍ ടൂത്ത് കടുവയുടെയും ഒരു അമേരിക്കന്‍ സിംഹത്തിന്റെയും പ്രതിമകളും ഉണ്ട്.  

7.    ഗൊറില്ലാ ഭവനം
മധ്യ ആഫ്രിക്കയിലെ മഴക്കാടുകളെ അനുകരിച്ചു 8000 ച. അടി വിസ്തീര്‍ണത്തില്‍ ഒരു ചെറിയ വെള്ളച്ചാട്ടം, പുല്‍ത്തകിടി, പ്രത്യേകതരം മരങ്ങള്‍ ഇവിടെ വളര്‍ത്തിയിരിക്കുന്നു. ഏതാനും ഗൊറില്ലാകളും ഇവിടെ ഉണ്ട്.

8.    കടുവാ നദി
മലയയില്‍ നിന്ന് വന്ന കടുവകളാണ് ഒരു താഴ്വര പോലെയുള്ള സ്ഥലത്താണ് ഇവിടെ ചെറിയ നീര്ചോലയും ഉണ്ട്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കടുവയുടെ ഉച്ചഭക്ഷണ സമയം ആയിരുന്നു. കണ്ണാടിയുടെ മറവില്‍ ഒരു കടുവ തനിക്കു കിട്ടിയ വലിയ മാംസ കഷണം ആരെയും കൂസാതെ കഴിക്കുന്നത്‌ വിഡിയോയില്‍ എടുക്കാന്‍ കഴിഞ്ഞു. 

(http://www.youtube.com/watch?v=TVZiPn8749M&amp;feature=share&amp;list=UUrEI_8SMBgY8Kt0LVU-ubHw )

കടുവയോടൊപ്പം നീണ്ട കൊക്കോടു കൂടിയ കൊക്കും മരം കൊത്തിയും ഇവിടെ തന്നെയുണ്ട്‌.

ചുരുക്കത്തില്‍ വളരെ വൈവിധ്യമുള്ള ഒരു മൃഗശാല കാണാന്‍ കഴിഞ്ഞു എന്ന സംത്രുപ്തിയോടെ ഞങ്ങള്‍ തിരിച്ചു നടന്നു, ദിവസം മുഴുവന്‍ അലഞ്ഞു നടന്ന ക്ഷീണം ഉണ്ടെങ്കിലും. അര ലിറ്റര്‍ കുപ്പി വെള്ളത്തിനു പോലും വില രണ്ടര ഡോളര്‍ ആണ് മൃഗശാലക്കുള്ളില്‍, മറ്റു ഭക്ഷണ സാധനങ്ങള്‍ക്കും ആനുപാതികമായി തന്നെ. ഇന്ത് അമേരിക്കയാണ്, ഇവിടെ ഒന്നും ഫ്രീ അല്ല എന്ന് ഒരിക്കല്‍ കൂടി  ഓര്‍മിപ്പിച്ചുകൊണ്ടു പുറത്തേക്കു.
 Reference for history and facts : Wikipedia :http://en.wikipedia.org/wiki/San_Diego_Zoo
Photos : taken by author


Wednesday, August 13, 2014

കാലിഫോര്‍ണിയാ സന്ദര്‍ശനം :ആമുഖവും അല്പം ചരിത്രവും

കൊല്ലത്ത് നിന്ന് എഞ്ചിനീയറിംഗ് പഠിച്ചു പാസായി കഴിഞ്ഞപ്പോള്‍ നാട്ടിലെ ആദ്യത്തെ എഞ്ചിനീയറും സഹോദര തുല്യനുമായ ഒരാള്‍ കാലിഫോര്‍ണിയാ യൂനീവേര്സിറ്റിയില്‍ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നതിനു മുന്പായി ചില യൂനീവേര്സിറ്റികളിലേക്കു അപേക്ഷ അയക്കാന്‍ ഒരു ലിസ്റ്റും മറ്റു ഉപദേശവും തന്നിരുന്നു, പല കാരണങ്ങളാലും അതുപയോഗിച്ചില്ല. എം ടെക്കും പി എച് ഡിയും കഴിഞ്ഞു പല പ്രാവശ്യവും ശ്രമിച്ചെങ്കിലും ഒന്നും ക്ലിക്കായില്ല.  അമേരിക്കയില്‍ ജോലി ചെയ്യുന്ന മകളുടെ വീട്ടില്‍ മൂന്നു പ്രാവശ്യം വന്നു എങ്കിലും അറ്റ്ലാന്റിക് തീരത്ത് നിന്ന് ആദ്യം പോയത് വടക്കോട്ട്‌ നയാഗ്രാ വെള്ളച്ചാട്ടം കാണാനാണ്. രണ്ടാമത്തെ പ്രാവശ്യം തെക്കോട്ട്‌ ബാള്‍ട്ടിമോര്‍ , വാഷിങ്ങ്ടന്‍, പെന്‍സില്‍വാനിയ സംസ്ഥാനങ്ങള്‍ ആയിരുന്നു ലക്‌ഷ്യം. പല പ്രാവശ്യം അംബരചുംബികളുടെ നഗരങ്ങള്‍ ആയ ന്യൂയോര്‍ക്കും ബോസ്ടനും കണ്ടു മടുത്തു. ഇതുവരെയും ശാന്ത സമുദ്രമേഖലയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അമ്പതു സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ഒരു തീരത്ത് നിന്ന് മറ്റൊരു തീരത്തെത്തണമെങ്കില്‍  മണിക്കൂര്‍ ആറുവരെ വിമാനയാത്ര ചെയ്യേണ്ടിവരും  എന്നതാണ് പ്രധാന കാരണം, പിന്നീട് കേട്ടറിഞ്ഞിടത്തോളം അമേരിക്കയില്‍ ഏറ്റവും ചെലവ് കൂടിയ സംസ്ഥാനവും കാലിഫോര്‍ണിയാ ആണെന്ന് അറിഞ്ഞു. അപ്പോള്‍ മകളും കുടുംബവും ഇത്തവണ അങ്ങോട്ട്‌ യാത്രാ പരിപാടി ഇട്ടപ്പോള്‍ വളരെ പ്രതീക്ഷ ഉണ്ടായി. പല കാരണങ്ങളാലും പരിപാടി വേനലിന്റെ അവസാനമായി മാറി , അതുകൊണ്ടു കാലിഫോര്‍ണിയായുടെ തെക്കെ ഭാഗത്തുള്ള സാന്‍ ദീഗോയും അരിസോണ സംസ്ഥാനത്തിലെ ഗ്രാന്‍ഡ്‌ കാനിയനും ഉള്‍പെടുത്തി പരിപാടി ഇട്ടു, ഒരു ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു അടുത്ത ചൊവ്വാഴ്ച തിരിച്ചെത്തുന്ന രീതിയില്‍. ഡോമെസ്റ്റിക്ക് വിമാന കമ്പനി ജെറ്റ് ബ്ലുവില്‍ യാത്ര ബോസ്റ്റണില്‍ നിന്ന് സാന്‍ ദീഗോയിലേക്ക്. അവിടെ മൂന്നു ദിവസം, ഒരു പകല്‍ യാത്ര, രണ്ടു ദിവസം അരിസോണയില്‍, അങ്ങനെ ആയിരുന്നു പരിപാടി.

കാലിഫോര്‍ണിയ സംസ്ഥാനം

അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം വിസ്തീര്‍ണത്തില്‍ അലാസ്കയും ടെക്സാസും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങളായ ലോസ് ഏഞ്ചെലസും സാന്‍ഫ്രാന്സിസ്കോയും ഉള്‍പെട്ട സംസ്ഥാനം, കൃഷിയിലും വ്യവസായത്തിലും ഒരു പോലെ മുന്‍പന്തിയില്‍ നില്‍കുന്ന സംസ്ഥാനം എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. അമേരിക്കയിലെ കൂടുതല്‍ ജനസംഖ്യയുള്ള അമ്പതു നഗരങ്ങളില്‍ എട്ടും ഇവിടെയാണ്,ലോസ് ഏഞ്ചെലസ്, സാന്‍ ഡീഗോ, സാന്‍യോസ്, സാക്രമെന്റോ, സാന്‍ ഫ്രാന്‍സിസ്കോ, ഫ്രെസ്നോ, ലോങ്ങ്‌ ബീച്ച്, ഓക്ലന്റ് എന്നിവയാണ് നഗരങ്ങള്‍. സാക്രമെന്റോ ആണ് തലസ്ഥാനം.

പടിഞ്ഞാറ് ശാന്ത സമുദ്രം,വടക്ക് ഒറിഗോന്‍ , കിഴക്ക് നെവാദ തെക്ക് കിഴക്ക് അരിസോണ സംസ്ഥാനങ്ങളും തെക്ക് മിക്സികോയുടെ സംസ്ഥാനമായ ബാജ കാലിഫോര്‍ണിയയും ആണ് അതിര്‍ത്തികള്‍. സംസ്ഥാനത്തിന്റെ കേന്ദ്രം കേന്ദ്രതാഴ്വര (Central Valley). കൃഷിയാല്‍ സമൃദ്ധമായ ഒരു താഴ്വര തന്നെ. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതം ആയ മൌന്റ്റ്‌ വിട്ട്നിയും താഴ്ന്ന സ്ഥലമായ മരണ താഴ്വരയും ഈ സംസ്ഥാനത്തില്‍ തന്നെ എന്നതും രസകരമാണ്. മോജാവ മരുഭൂമിയും കാലിഫോര്‍ണിയയുടെ തെക്ക് കിഴക്ക് ഭാഗത്താണ്. അമേരിക്കയിലെ നീളത്തില്‍ മൂന്നാമത്തെ .സമുദ്ര തീരവും ഇവിടെ തന്നെ. അഗ്നിയുടെ പസിഫിക് റിങ്ങില്‍ (Pacific Ring of Fire) ഉള്‍പെട്ട സ്ഥലം ആയതുകൊണ്ട് ഭൂമി കുലുക്കം ഇവിടെ സാധാരണമാണ്. ഒരു വര്ഷം 37000 (ചെറുതും വലുതും ആയവ)  വരെ രേഖപെടുത്തപ്പെട്ടിട്ടുന്ടു.

അല്പം ചരിത്രം

സ്പെയിനിന്റെ അധീനതയില്‍ ആയിരുന്ന ബാജാ കാലിഫോര്നിയ ഉപദ്വീപിന്റെ ഭാഗമായിരുന്നു ഇന്നത്തെ കാലിഫോര്‍ണിയ. ആള്ട്ടാ കാലിഫോര്‍ണിയ എന്നറിയപ്പെട്ടിരുന്ന ഈ ഭൂവിഭാഗം സ്പാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ന്യൂ സ്പെയിനില്‍ ആയിരുന്നു 1821ല്‍ മെക്സിക്കോ സ്വതന്ത്രരാജ്യമായപ്പോള്‍ ഇത് മെക്സിക്കോയുടെ ഭാഗം ആയി.  1846ലെ മേക്സിക്കോ-അമേരിക്കന്‍ യുദ്ധത്തിന്‍ടെ തുടക്കത്തില്‍ സോനോമായിലെ അമേരിക്കന്‍ കുടിയേറ്റക്കാര്‍ കാലിഫോര്‍ണിയ റിപബ്ലിക് ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഇത് കുറച്ചു കാലമേ നിലനിന്നുള്ളൂ എങ്കിലും ഈ രാജ്യത്തിന്റെ പതാക പിന്നീട് കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ പതാകയായി മാറി. യുദ്ധത്തിനു അവസാനം ഉണ്ടായ സന്ധിയില്‍ സെപ്തംബര്‍ 9, 1850 ല്‍  കാലിഫോര്‍ണിയ അമേരിക്ക ഐക്യ നാടുകളിലെ മുപ്പത്തൊന്നാമത്തെ സംസ്ഥാനം ആയി മാറി. 1849 ല്‍ ഒരു സംസ്ഥാന ഭരണ ഘടന ഉണ്ടാക്കി  ഗവര്‍ണറെയും  നിയമസഭാംഗങ്ങളെയും തിരഞ്ഞെടുത്തു
സ്വര്‍ണ വേട്ട.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവം കാലിഫോര്‍ണിയാ സ്വര്‍ണ വേട്ട (1848-1855)  എന്നറിയപ്പെടുന്നു. കൊലോമ എന്നാ സ്ഥലത്ത് സട്ലെര്സ് മില്‍ ജെയിംസ് മാര്‍ഷല്‍ എന്നയാളാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനെ പറ്റി ആദ്യം കേട്ടറിഞ്ഞു അവിടേക്ക് വന്നത് സമീപ സംസ്ഥാനമായ ഒരിഗോനിലെയും ഹവായി ദ്വീപായ സാണ്ടിചി ദ്വീപുവാസികളും തെക്കേ അമേരിക്കയിലെ ആള്‍ക്കാരുമായിരുന്നു. അവര്‍ കൂട്ടത്തോടെ  1848 ന്റെ അവസാനാം കുടിയേറി. മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇങ്ങനെ വന്നെത്തിയത്. പകുതിയിലധികം ആള്‍ക്കാര്‍ സമുദ്രമാര്‍ഗവും ബാക്കി കാളിഫോര്നിയായിലെക്കുള്ള കരവഴിയും ഗില നദി വഴിയും ആണ് വന്നു ചേര്‍ന്നത്‌. 1849ല്‍ വന്ന ഇവരെ ഫോര്ടിനൈനെര്സ് എന്ന് വിളിച്ചിരുന്നു, ആദ്യകാലത്ത് ഇവരെല്ലാം വളരയധികം കഷ്ടപ്പെട്ടിരുന്നു.യുറോപ്പ്, ഏഷ്യ , ആസ്ടേലിയ എന്നിവിടങ്ങളില്‍ നിന്ന് പോലും ആള്‍ക്കാര്‍ വന്നുകൊണ്ടിരുന്നു.  ജോണ്‍ സ്റ്റീന്ബക്കിന്റെ വെറുക്കപ്പെട്ട മുന്തിരി (Grapes of Wrath)  എന്ന നോവല്‍ (പിന്നീട് സിനിമയാക്കി: ഇതിനെപറ്റി ഒരു ആസ്വാദനം വായിക്കാം http://profkuttanadan.blogspot.in/2013/08/grapes-of-wrath.html ) ഈ പശ്ചാത്തലത്തില്‍ എഴുതിയതാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവവും ആയിരുന്നു ഇതു. ആദ്യകാലത്ത് സ്വര്‍ണത്തിന്റെ തരികള്‍ ഭൂമിയില്‍ നിന്ന് പെറുക്കി എടുക്കാമായിരുന്നു, പിന്നീട് നദീതീരത്തു നിന്നും ലളിതമായ രീതിയില്‍ സ്വര്‍ണം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നു. ക്രമേണ കൂടുതല്‍ മെച്ചപ്പെട്ട രീതികള്‍ ഉപയോഗിക്കപ്പെട്ടു. അതിന്റെ പാരമ്യതയില്‍ കൂടുതല്‍ സാംകേതിക വിദ്യകള്‍ ഉപയോഗിച്ച് വ്യാവസായികമായിതന്നെ കമ്പനികള്‍ ഉണ്ടാക്കി സ്വര്‍ണം ഖനനം ചയ്തു തുടങ്ങി, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള സ്വര്‍ണം ഇങ്ങനെ  ചുരുക്കം ആള്‍ക്കാര്‍ക്ക് ധനികരാകാന്‍ വഴിയോരുക്കി. കുറെയേറെ ആള്‍ക്കാര്‍ മുടക്കുമുതല്‍ പോലും കിട്ടാതെ തരിച്ചു പോകേണ്ടിയും വന്നു. ഏതായാലും ഇതിന്റെ ഫലമായി കഷ്ടിച്ച് 200 പേര്‍ കുടിയേറ്റക്കാര്‍ മാത്രം ഉണ്ടായിരുന്ന സാന്‍ ഫ്രാന്‍സിസ്കോ 1852ല്‍ 36000 പേര്‍ താമസിക്കുന്ന സ്ഥലം ആയി.റോഡുകളും പള്ളിയും സ്കൂളുകളും കാലിഫോര്‍ണിയയിലെ മറ്റു നഗരങ്ങളിലും സ്ഥാപിക്കപ്പെട്ടു.

1848 ല്‍ തുടങ്ങിയ ഈ സ്വര്‍ണവേട്ട കാലിഫോര്‍ണിയയില്‍നിന്നുണ്ടായ സാമ്പത്തിക വളര്‍ച്ച സാമൂഹ്യമായും ജനസംഖ്യയില്‍ വിവിധ വര്‍ഗക്കാരുടെയും വിവിധരാഷ്ട്രത്തില്‍ നിന്ന് വന്ന  ജനങ്ങളുടെ അനുപാതത്തിലും ഗണ്യമായ മാറ്റം വരുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു  ലോസ് ഏഞ്ചെലസ് അമേരിക്കന്‍ സിനിമ വ്യവസായത്തിന്റെ കേന്ദ്രമായി. ടൂറിസം മേഖലയിലും വിവര സാംകേതികവിദ്യയിലും വളര്‍ച്ചയുണ്ടായി. സാന്‍ ഫ്രാന്‍സിസ്കോയില്‍ സിലിക്കന്‍ താഴ്വരയില്‍ വിവര സാംകേതിക ഇലക്ട്രോണിക് വിദ്യകളുടെ കേന്ദ്രം നിലവില്‍ വന്നു. കാലിഫോര്‍ണിയയിലെ മേല്‍ത്തരം കൃഷി സംപ്രദായവും വളര്‍ന്നു. വിദ്യാഭ്യാസ വ്യോമ വിമാന മനുഫാക്ച്ചരിംഗ് മേഖലയിലും ഗണ്യമായ പുരോഗതി നിലവില്‍ വന്നു. അത്ര തീവ്രമല്ലാത്ത കാലാവസ്ഥ , മിതമായ ചൂടും അതിശക്തമല്ലാത്ത തണുപ്പും അനുകൂല ഘടകങ്ങളായി. ഇന്നും കാലിഫോര്‍ണിയ വലിയ വ്യത്യാസം ഒന്നുമില്ലാതെ സമ്പദ് സമൃദ്ധിയില്‍ ഒന്നാമതായി തന്നെ നില്കുന്നു.

വിമാനത്താവളത്തില്‍ നിന്ന് തന്നെ കാര്‍ വാടകയ്ക്കെടുത്തു  വാടകക്കെടുത്ത കാര്‍ യാത്ര മുഴുവന്‍ കഴിഞ്ഞു തിരിച്ചു പോരുന്ന വിമാനത്താവളത്തില്‍ കമ്പനിയെ ഏല്പിച്ചാല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മാത്രം ഗാരന്റിയായി കൊടുത്താല്‍ മതിയാവും. വണ്ടിയില്‍ ടാങ്ക് നിറയെ പെട്രോള്‍ ഉണ്ടാവും. തിരിച്ചേല്‍പിക്കുമ്പോള്‍ അതു പോലെ തന്നെ ടാങ്ക് നിറച്ചിരിക്കണം, , വണ്ടിക്കു എന്തെങ്കിലും തകരാര്‍ വന്നാല്‍ ന്യായമായ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എടുക്കാന്‍ അനുവാദം കൊടുക്കണം, അത്രമാത്രം, കള്ളവുമില്ല, ചതിയുമില്ല ആരും ആരെയും ചതിക്കുകയില്ല, ഡിപ്പോസിറ്റും ഇല്ല, വിശ്വാസം മാത്രം മതി. തികഞ്ഞ ഉത്തരവാദിത്വം വാങ്ങുന്ന ആളിനും കൊടുക്കുന്ന ആളിനും. വിമാനത്താവളത്തില്‍ നിന്ന് കാര്‍ വാടക കമ്പനിയുടെ സ്ഥലത്തേക്ക് ഷട്ടില്‍ സര്‍വീസ് ഉണ്ട്. അവര്‍ സാധനവും കേറ്റി അവിടെ എത്തിച്ചു. ക്രൈസ്ലര്‍ (Chrystlar)  എന്ന കമ്പനിയുടെ വലിയ കാറാണ്. അയ്യായിരം മൈല്‍ മാത്രം ഓടിയ വണ്ടി ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. കുഞ്ഞുങ്ങളുടെ സീറ്റ് കൊണ്ടു വന്നിരുന്നതുകൊണ്ടു അത് ഫിറ്റു ചെയ്തു ലഗേജും കേറ്റി ഹോട്ടെലിലേക്ക്. ഏഴു ദിവസത്തേക്ക് വാടക മുന്നൂറു ഡോളറില്‍ (18000 രൂപ ) താഴെ ആയിരുന്നു. പെട്രോളിന്റെ ചിലവ് നിസ്സരമായതുകൊന്ടു ഇത് കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ വളരെ സൌകര്യമായി. ( നമ്മുടെ ഐ ആര്‍ ടി സി യുടെ ഒരു കാര്‍ യാത്രക്ക് ഡല്‍ഹിയില്‍ നിന്ന് ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ ഒരുമിച്ചു ബുക്ക് ചെയ്തിട്ട് ഒരു വണ്ടി വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടും കിട്ടിയത് ഒന്നിന് പകരം രണ്ടു അമ്പാസഡര്‍ കാര്‍. യാത്രയില്‍ മൂന്നു സ്ഥലത്ത് വണ്ടി റിപ്പെയര്‍ ചെയ്യേണ്ടി വന്നു.  ഡ്രൈവര്‍ കൂടെ ഉള്ളത് അന്ന് ഒരാശ്വാസം ആയി എങ്കിലും നീണ്ട യാത്രക്ക് ഇങ്ങനെ ഒരു സംവിധാനം ഉള്ളത് എന്ത് നന്നായി. ഇതൊക്കെ നമ്മുടെ നാട്ടില്‍ എന്നാണാവോ വരുക. കാത്തിരുന്നു കാണാം .

സാന്‍ ഡീഗോ വിശേഷങ്ങളും കാഴ്ചകളും  അടുത്ത ലക്കം.(See Preview below)
San Diego Port



.  Killer Whales in Sea world


Flamingos in Zoo 

Reference : Wikipedia