കൊല്ലത്ത് നിന്ന് എഞ്ചിനീയറിംഗ് പഠിച്ചു പാസായി കഴിഞ്ഞപ്പോള്‍ നാട്ടിലെ ആദ്യത്തെ എഞ്ചിനീയറും സഹോദര തുല്യനുമായ ഒരാള്‍ കാലിഫോര്‍ണിയാ യൂനീവേര്സിറ്റിയില്‍ ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നതിനു മുന്പായി ചില യൂനീവേര്സിറ്റികളിലേക്കു അപേക്ഷ അയക്കാന്‍ ഒരു ലിസ്റ്റും മറ്റു ഉപദേശവും തന്നിരുന്നു, പല കാരണങ്ങളാലും അതുപയോഗിച്ചില്ല. എം ടെക്കും പി എച് ഡിയും കഴിഞ്ഞു പല പ്രാവശ്യവും ശ്രമിച്ചെങ്കിലും ഒന്നും ക്ലിക്കായില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന മകളുടെ വീട്ടില്‍ മൂന്നു പ്രാവശ്യം വന്നു എങ്കിലും അറ്റ്ലാന്റിക് തീരത്ത് നിന്ന് ആദ്യം പോയത് വടക്കോട്ട് നയാഗ്രാ വെള്ളച്ചാട്ടം കാണാനാണ്. രണ്ടാമത്തെ പ്രാവശ്യം തെക്കോട്ട് ബാള്‍ട്ടിമോര്‍ , വാഷിങ്ങ്ടന്‍, പെന്‍സില്‍വാനിയ സംസ്ഥാനങ്ങള്‍ ആയിരുന്നു ലക്‌ഷ്യം. പല പ്രാവശ്യം അംബരചുംബികളുടെ നഗരങ്ങള്‍ ആയ ന്യൂയോര്‍ക്കും ബോസ്ടനും കണ്ടു മടുത്തു. ഇതുവരെയും ശാന്ത സമുദ്രമേഖലയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അമ്പതു സംസ്ഥാനങ്ങളുള്ള അമേരിക്കയില്‍ ഒരു തീരത്ത് നിന്ന് മറ്റൊരു തീരത്തെത്തണമെങ്കില്‍ മണിക്കൂര്‍ ആറുവരെ വിമാനയാത്ര ചെയ്യേണ്ടിവരും എന്നതാണ് പ്രധാന കാരണം, പിന്നീട് കേട്ടറിഞ്ഞിടത്തോളം അമേരിക്കയില്‍ ഏറ്റവും ചെലവ് കൂടിയ സംസ്ഥാനവും കാലിഫോര്‍ണിയാ ആണെന്ന് അറിഞ്ഞു. അപ്പോള്‍ മകളും കുടുംബവും ഇത്തവണ അങ്ങോട്ട് യാത്രാ പരിപാടി ഇട്ടപ്പോള്‍ വളരെ പ്രതീക്ഷ ഉണ്ടായി. പല കാരണങ്ങളാലും പരിപാടി വേനലിന്റെ അവസാനമായി മാറി , അതുകൊണ്ടു കാലിഫോര്‍ണിയായുടെ തെക്കെ ഭാഗത്തുള്ള സാന്‍ ദീഗോയും അരിസോണ സംസ്ഥാനത്തിലെ ഗ്രാന്‍ഡ് കാനിയനും ഉള്‍പെടുത്തി പരിപാടി ഇട്ടു, ഒരു ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു അടുത്ത ചൊവ്വാഴ്ച തിരിച്ചെത്തുന്ന രീതിയില്‍. ഡോമെസ്റ്റിക്ക് വിമാന കമ്പനി ജെറ്റ് ബ്ലുവില്‍ യാത്ര ബോസ്റ്റണില്‍ നിന്ന് സാന്‍ ദീഗോയിലേക്ക്. അവിടെ മൂന്നു ദിവസം, ഒരു പകല്‍ യാത്ര, രണ്ടു ദിവസം അരിസോണയില്‍, അങ്ങനെ ആയിരുന്നു പരിപാടി.
കാലിഫോര്‍ണിയ സംസ്ഥാനം
അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം വിസ്തീര്‍ണത്തില്‍ അലാസ്കയും ടെക്സാസും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന നഗരങ്ങളായ ലോസ് ഏഞ്ചെലസും സാന്‍ഫ്രാന്സിസ്കോയും ഉള്‍പെട്ട സംസ്ഥാനം, കൃഷിയിലും വ്യവസായത്തിലും ഒരു പോലെ മുന്‍പന്തിയില്‍ നില്‍കുന്ന സംസ്ഥാനം എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. അമേരിക്കയിലെ കൂടുതല്‍ ജനസംഖ്യയുള്ള അമ്പതു നഗരങ്ങളില്‍ എട്ടും ഇവിടെയാണ്,ലോസ് ഏഞ്ചെലസ്, സാന്‍ ഡീഗോ, സാന്‍യോസ്, സാക്രമെന്റോ, സാന്‍ ഫ്രാന്‍സിസ്കോ, ഫ്രെസ്നോ, ലോങ്ങ് ബീച്ച്, ഓക്ലന്റ് എന്നിവയാണ് നഗരങ്ങള്‍. സാക്രമെന്റോ ആണ് തലസ്ഥാനം.
പടിഞ്ഞാറ് ശാന്ത സമുദ്രം,വടക്ക് ഒറിഗോന്‍ , കിഴക്ക് നെവാദ തെക്ക് കിഴക്ക് അരിസോണ സംസ്ഥാനങ്ങളും തെക്ക് മിക്സികോയുടെ സംസ്ഥാനമായ ബാജ കാലിഫോര്‍ണിയയും ആണ് അതിര്‍ത്തികള്‍. സംസ്ഥാനത്തിന്റെ കേന്ദ്രം കേന്ദ്രതാഴ്വര (Central Valley). കൃഷിയാല്‍ സമൃദ്ധമായ ഒരു താഴ്വര തന്നെ. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതം ആയ മൌന്റ്റ് വിട്ട്നിയും താഴ്ന്ന സ്ഥലമായ മരണ താഴ്വരയും ഈ സംസ്ഥാനത്തില്‍ തന്നെ എന്നതും രസകരമാണ്. മോജാവ മരുഭൂമിയും കാലിഫോര്‍ണിയയുടെ തെക്ക് കിഴക്ക് ഭാഗത്താണ്. അമേരിക്കയിലെ നീളത്തില്‍ മൂന്നാമത്തെ .സമുദ്ര തീരവും ഇവിടെ തന്നെ. അഗ്നിയുടെ പസിഫിക് റിങ്ങില്‍ (Pacific Ring of Fire) ഉള്‍പെട്ട സ്ഥലം ആയതുകൊണ്ട് ഭൂമി കുലുക്കം ഇവിടെ സാധാരണമാണ്. ഒരു വര്ഷം 37000 (ചെറുതും വലുതും ആയവ) വരെ രേഖപെടുത്തപ്പെട്ടിട്ടുന്ടു.
അല്പം ചരിത്രം
സ്പെയിനിന്റെ അധീനതയില്‍ ആയിരുന്ന ബാജാ കാലിഫോര്നിയ ഉപദ്വീപിന്റെ ഭാഗമായിരുന്നു ഇന്നത്തെ കാലിഫോര്‍ണിയ. ആള്ട്ടാ കാലിഫോര്‍ണിയ എന്നറിയപ്പെട്ടിരുന്ന ഈ ഭൂവിഭാഗം സ്പാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ന്യൂ സ്പെയിനില്‍ ആയിരുന്നു 1821ല്‍ മെക്സിക്കോ സ്വതന്ത്രരാജ്യമായപ്പോള്‍ ഇത് മെക്സിക്കോയുടെ ഭാഗം ആയി. 1846ലെ മേക്സിക്കോ-അമേരിക്കന്‍ യുദ്ധത്തിന്‍ടെ തുടക്കത്തില്‍ സോനോമായിലെ അമേരിക്കന്‍ കുടിയേറ്റക്കാര്‍ കാലിഫോര്‍ണിയ റിപബ്ലിക് ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഇത് കുറച്ചു കാലമേ നിലനിന്നുള്ളൂ എങ്കിലും ഈ രാജ്യത്തിന്റെ പതാക പിന്നീട് കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ പതാകയായി മാറി. യുദ്ധത്തിനു അവസാനം ഉണ്ടായ സന്ധിയില്‍ സെപ്തംബര്‍ 9, 1850 ല്‍ കാലിഫോര്‍ണിയ അമേരിക്ക ഐക്യ നാടുകളിലെ മുപ്പത്തൊന്നാമത്തെ സംസ്ഥാനം ആയി മാറി. 1849 ല്‍ ഒരു സംസ്ഥാന ഭരണ ഘടന ഉണ്ടാക്കി ഗവര്‍ണറെയും നിയമസഭാംഗങ്ങളെയും തിരഞ്ഞെടുത്തു
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവം കാലിഫോര്‍ണിയാ സ്വര്‍ണ വേട്ട (1848-1855) എന്നറിയപ്പെടുന്നു. കൊലോമ എന്നാ സ്ഥലത്ത് സട്ലെര്സ് മില്‍ ജെയിംസ് മാര്‍ഷല്‍ എന്നയാളാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനെ പറ്റി ആദ്യം കേട്ടറിഞ്ഞു അവിടേക്ക് വന്നത് സമീപ സംസ്ഥാനമായ ഒരിഗോനിലെയും ഹവായി ദ്വീപായ സാണ്ടിചി ദ്വീപുവാസികളും തെക്കേ അമേരിക്കയിലെ ആള്‍ക്കാരുമായിരുന്നു. അവര്‍ കൂട്ടത്തോടെ 1848 ന്റെ അവസാനാം കുടിയേറി. മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇങ്ങനെ വന്നെത്തിയത്. പകുതിയിലധികം ആള്‍ക്കാര്‍ സമുദ്രമാര്‍ഗവും ബാക്കി കാളിഫോര്നിയായിലെക്കുള്ള കരവഴിയും ഗില നദി വഴിയും ആണ് വന്നു ചേര്‍ന്നത്. 1849ല്‍ വന്ന ഇവരെ ഫോര്ടിനൈനെര്സ് എന്ന് വിളിച്ചിരുന്നു, ആദ്യകാലത്ത് ഇവരെല്ലാം വളരയധികം കഷ്ടപ്പെട്ടിരുന്നു.യുറോപ്പ്, ഏഷ്യ , ആസ്ടേലിയ എന്നിവിടങ്ങളില്‍ നിന്ന് പോലും ആള്‍ക്കാര്‍ വന്നുകൊണ്ടിരുന്നു. ജോണ്‍ സ്റ്റീന്ബക്കിന്റെ വെറുക്കപ്പെട്ട മുന്തിരി (Grapes of Wrath) എന്ന നോവല്‍ (പിന്നീട് സിനിമയാക്കി: ഇതിനെപറ്റി ഒരു ആസ്വാദനം വായിക്കാം http://profkuttanadan.blogspot.in/2013/08/grapes-of-wrath.html ) ഈ പശ്ചാത്തലത്തില്‍ എഴുതിയതാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവവും ആയിരുന്നു ഇതു. ആദ്യകാലത്ത് സ്വര്‍ണത്തിന്റെ തരികള്‍ ഭൂമിയില്‍ നിന്ന് പെറുക്കി എടുക്കാമായിരുന്നു, പിന്നീട് നദീതീരത്തു നിന്നും ലളിതമായ രീതിയില്‍ സ്വര്‍ണം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നു. ക്രമേണ കൂടുതല്‍ മെച്ചപ്പെട്ട രീതികള്‍ ഉപയോഗിക്കപ്പെട്ടു. അതിന്റെ പാരമ്യതയില്‍ കൂടുതല്‍ സാംകേതിക വിദ്യകള്‍ ഉപയോഗിച്ച് വ്യാവസായികമായിതന്നെ കമ്പനികള്‍ ഉണ്ടാക്കി സ്വര്‍ണം ഖനനം ചയ്തു തുടങ്ങി, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള സ്വര്‍ണം ഇങ്ങനെ ചുരുക്കം ആള്‍ക്കാര്‍ക്ക് ധനികരാകാന്‍ വഴിയോരുക്കി. കുറെയേറെ ആള്‍ക്കാര്‍ മുടക്കുമുതല്‍ പോലും കിട്ടാതെ തരിച്ചു പോകേണ്ടിയും വന്നു. ഏതായാലും ഇതിന്റെ ഫലമായി കഷ്ടിച്ച് 200 പേര്‍ കുടിയേറ്റക്കാര്‍ മാത്രം ഉണ്ടായിരുന്ന സാന്‍ ഫ്രാന്‍സിസ്കോ 1852ല്‍ 36000 പേര്‍ താമസിക്കുന്ന സ്ഥലം ആയി.റോഡുകളും പള്ളിയും സ്കൂളുകളും കാലിഫോര്‍ണിയയിലെ മറ്റു നഗരങ്ങളിലും സ്ഥാപിക്കപ്പെട്ടു.
1848 ല്‍ തുടങ്ങിയ ഈ സ്വര്‍ണവേട്ട കാലിഫോര്‍ണിയയില്‍നിന്നുണ്ടായ സാമ്പത്തിക വളര്‍ച്ച സാമൂഹ്യമായും ജനസംഖ്യയില്‍ വിവിധ വര്‍ഗക്കാരുടെയും വിവിധരാഷ്ട്രത്തില്‍ നിന്ന് വന്ന ജനങ്ങളുടെ അനുപാതത്തിലും ഗണ്യമായ മാറ്റം വരുത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു ലോസ് ഏഞ്ചെലസ് അമേരിക്കന്‍ സിനിമ വ്യവസായത്തിന്റെ കേന്ദ്രമായി. ടൂറിസം മേഖലയിലും വിവര സാംകേതികവിദ്യയിലും വളര്‍ച്ചയുണ്ടായി. സാന്‍ ഫ്രാന്‍സിസ്കോയില്‍ സിലിക്കന്‍ താഴ്വരയില്‍ വിവര സാംകേതിക ഇലക്ട്രോണിക് വിദ്യകളുടെ കേന്ദ്രം നിലവില്‍ വന്നു. കാലിഫോര്‍ണിയയിലെ മേല്‍ത്തരം കൃഷി സംപ്രദായവും വളര്‍ന്നു. വിദ്യാഭ്യാസ വ്യോമ വിമാന മനുഫാക്ച്ചരിംഗ് മേഖലയിലും ഗണ്യമായ പുരോഗതി നിലവില്‍ വന്നു. അത്ര തീവ്രമല്ലാത്ത കാലാവസ്ഥ , മിതമായ ചൂടും അതിശക്തമല്ലാത്ത തണുപ്പും അനുകൂല ഘടകങ്ങളായി. ഇന്നും കാലിഫോര്‍ണിയ വലിയ വ്യത്യാസം ഒന്നുമില്ലാതെ സമ്പദ് സമൃദ്ധിയില്‍ ഒന്നാമതായി തന്നെ നില്കുന്നു.
വിമാനത്താവളത്തില്‍ നിന്ന് തന്നെ കാര്‍ വാടകയ്ക്കെടുത്തു വാടകക്കെടുത്ത കാര്‍ യാത്ര മുഴുവന്‍ കഴിഞ്ഞു തിരിച്ചു പോരുന്ന വിമാനത്താവളത്തില്‍ കമ്പനിയെ ഏല്പിച്ചാല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മാത്രം ഗാരന്റിയായി കൊടുത്താല്‍ മതിയാവും. വണ്ടിയില്‍ ടാങ്ക് നിറയെ പെട്രോള്‍ ഉണ്ടാവും. തിരിച്ചേല്‍പിക്കുമ്പോള്‍ അതു പോലെ തന്നെ ടാങ്ക് നിറച്ചിരിക്കണം, , വണ്ടിക്കു എന്തെങ്കിലും തകരാര്‍ വന്നാല്‍ ന്യായമായ തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എടുക്കാന്‍ അനുവാദം കൊടുക്കണം, അത്രമാത്രം, കള്ളവുമില്ല, ചതിയുമില്ല ആരും ആരെയും ചതിക്കുകയില്ല, ഡിപ്പോസിറ്റും ഇല്ല, വിശ്വാസം മാത്രം മതി. തികഞ്ഞ ഉത്തരവാദിത്വം വാങ്ങുന്ന ആളിനും കൊടുക്കുന്ന ആളിനും. വിമാനത്താവളത്തില്‍ നിന്ന് കാര്‍ വാടക കമ്പനിയുടെ സ്ഥലത്തേക്ക് ഷട്ടില്‍ സര്‍വീസ് ഉണ്ട്. അവര്‍ സാധനവും കേറ്റി അവിടെ എത്തിച്ചു. ക്രൈസ്ലര്‍ (Chrystlar) എന്ന കമ്പനിയുടെ വലിയ കാറാണ്. അയ്യായിരം മൈല്‍ മാത്രം ഓടിയ വണ്ടി ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. കുഞ്ഞുങ്ങളുടെ സീറ്റ് കൊണ്ടു വന്നിരുന്നതുകൊണ്ടു അത് ഫിറ്റു ചെയ്തു ലഗേജും കേറ്റി ഹോട്ടെലിലേക്ക്. ഏഴു ദിവസത്തേക്ക് വാടക മുന്നൂറു ഡോളറില്‍ (18000 രൂപ ) താഴെ ആയിരുന്നു. പെട്രോളിന്റെ ചിലവ് നിസ്സരമായതുകൊന്ടു ഇത് കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ വളരെ സൌകര്യമായി. ( നമ്മുടെ ഐ ആര്‍ ടി സി യുടെ ഒരു കാര്‍ യാത്രക്ക് ഡല്‍ഹിയില്‍ നിന്ന് ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ ഒരുമിച്ചു ബുക്ക് ചെയ്തിട്ട് ഒരു വണ്ടി വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിട്ടും കിട്ടിയത് ഒന്നിന് പകരം രണ്ടു അമ്പാസഡര്‍ കാര്‍. യാത്രയില്‍ മൂന്നു സ്ഥലത്ത് വണ്ടി റിപ്പെയര്‍ ചെയ്യേണ്ടി വന്നു. ഡ്രൈവര്‍ കൂടെ ഉള്ളത് അന്ന് ഒരാശ്വാസം ആയി എങ്കിലും നീണ്ട യാത്രക്ക് ഇങ്ങനെ ഒരു സംവിധാനം ഉള്ളത് എന്ത് നന്നായി. ഇതൊക്കെ നമ്മുടെ നാട്ടില്‍ എന്നാണാവോ വരുക. കാത്തിരുന്നു കാണാം .
സാന്‍ ഡീഗോ വിശേഷങ്ങളും കാഴ്ചകളും അടുത്ത ലക്കം.(See Preview below)
San Diego Port
. Killer Whales in Sea world
Flamingos in Zoo
Reference : Wikipedia
.png)


No comments:
Post a Comment